ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുടെ ആത്മഹത്യ; പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്
തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുടെ ആത്മഹത്യയിൽ, പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകും മുൻപാണ് പീഡനം നടന്നത്. വിവിധ ഇടങ്ങളിൽ എത്തിച്ചായിരുന്നു പീഡനം. ബിനോയിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പെൺകുട്ടിയെ പീഡിപ്പിച്ച സ്ഥലങ്ങളിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. വർക്കലയിൽ അടക്കം പരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു.
ബിനോയിയുടെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തു. ബിനോയ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി സൂചന. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൂടുതൽ തെളിവെടുപ്പ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ മുതൽ ബിനോയിയെ ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വീഡിയോയും റീല്‍സുമൊക്കെയായി അടുത്തിടെ വരെ സജീവമായിരുന്ന തൃക്കണ്ണാപുരം സ്വദേശിയായ പതിനെട്ടുകാരി മരണത്തിലെ ദുരൂഹതയാണ് പോലീസ് അന്വേഷിക്കുന്നത്. പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിെന ചൊല്ലി വീട്ടിലുണ്ടായ പ്രശ്നമടക്കം ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട അധിക്ഷേപവും കാരണമായെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസ് ശക്തിപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്.