വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യു നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം
കണ്ണൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യു നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു പ്രവർത്തകർ വടികളും ചെരുപ്പും വലിച്ചെറിഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അധിക ബാച്ചുകൾ അനുവദിച്ച് മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയം അടിയന്തിരമായി പരിഹരിക്കുക, കണ്ണൂർ യൂണിവേഴ്സിറ്റി നാലുവർഷ ബിരുദ കോഴ്സിന്റെ മുഴുവൻ സെമസ്റ്റർ സിലബസും അടിയന്തിരമായി പ്രസിദ്ധീകരിക്കുക ശനിയാഴ്ച പ്രവർത്തി ദിനമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി പിൻവലിക്കുക, സ്കോളർഷിപ്പുകൾ, ഇ- ഗ്രാൻഡ്സ് എന്നിവ വിദ്യാർത്ഥികൾക്ക് ഉടൻ ലഭ്യമാക്കുക, വിദ്യാഭ്യാസ മേഖലയോടുള്ള സർക്കാർ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കളക്ടറേറ്റ് മാർച്ച്.കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അതുൽ എം സി അധ്യക്ഷനായി. ഫർഹാൻ മുണ്ടേരി, ആകാശ് ഭാസ്കരൻ, രാഗേഷ് ബാലൻ, അഷിത്ത് അശോകൻ, ഹരികൃഷ്ണൻ പാളാട്, അർജുൻ കോറോം, അമൽ തോമസ്, അനഘ രവീന്ദ്രൻ, റിസ്വാൻ സി എച്ച് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. ഉദ്ഘാടനത്തിനു ശേഷമായിരുന്നു സംഘർഷം. എ സി പി സിബി ടോമിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം കലക്ടറേറ്റ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു