ഐ.പി.എൽ കലാശപ്പോരിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് എതിരാളികളായി പഞ്ചാബ് കിങ്സ്
ഐ.പി.എൽ കലാശപ്പോരിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് എതിരാളികളായി പഞ്ചാബ് കിങ്സ്. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ അഞ്ചു വിക്കറ്റിന് തകർത്താണ് പഞ്ചാബ് ഫൈനലിൽ കടന്നത്. ഒരു ഘട്ടത്തിൽ കൈവിട്ട കളി 41 പന്തിൽ പുറത്താകാതെ 87 റൺസെടുത്ത നായകൻ ശ്രേയസ് അയ്യരുടെ മനക്കരുത്തും കൈക്കരുത്തു മാണ് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഒരു ഓവർ ബാക്കി നിൽക്കെ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
നാലാമനായി ക്രീസിലെത്തി 41 പന്തിൽ എട്ടു സിക്സും അഞ്ചു ഫോറും ഉൾപ്പെടെയാണ് ശ്രേയസ് 87 റൺസെടുത്തത്. അശ്വിനി കുമാർ എറിഞ്ഞ 19ാമത്തെ ഓവറിൽ 26 റൺസാണ് അടിച്ചുകൂട്ടിയത്. 29 പന്തിൽ 48 റൺസെടുത്ത നേഹൽ വധേരയും 21 പന്തിൽ 38 റൺസെടുത്ത ജോഷ് ഇംഗ്ലീസ് മികച്ച പിന്തുണ നൽകി.പ്രിയാൻഷ് ആര്യ 20 ഉം പ്രഭ്സിംറാൻ ആറും ശശാങ്ക് സിങ് രണ്ടും റൺസെടുത്ത് പുറത്തായി. നേരത്തെ, മഴ തുടർന്ന് രണ്ടുമണിക്കൂറിലധികം വൈകി തുടങ്ങിയ മത്സരത്തിൽ സൂര്യകുമാർ യാദവ്, തിലക് വർമ, ജോണി ബെയർസ്റ്റോ, നമൻധിർ എന്നിവരുടെ ബാറ്റിങ് മികവിലാണ് മുംബൈ മികച്ച സ്കോറിലെത്തിയത്.