ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പിഴ ചുമത്തി
കണ്ണൂർ : ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണ ത്തിന് താവം പാലത്തിനു സമീപം പ്രവർത്തിച്ചു വരുന്ന രഞ്ജി അപ്ഹോൾസ്റ്ററി, അനിരുദ്ധൻ വി വി യുടെ പേരിൽ ലൈസൻസുള്ള കള്ള് ഷാപ്പ്, നടുമുറ്റത്ത് ഓട്ടോ മൊബൈൽസ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് 15000 രൂപ പിഴ ചുമത്തി. രഞ്ജി അപ്ഹോൾസ്റ്ററിയിൽ നിന്നുള്ള മാലിന്യങ്ങൾ കണ്ടൽകാടിലേ ക്കും സ്ഥാപനത്തിന്റെ പരിസര പ്രദേശങ്ങളിലും തള്ളിയതിന് സ്ഥാപനത്തിന് സ്ക്വാഡ് 7500 രൂപ പിഴയിട്ടു.അനിരുദ്ധൻ വി വി യുടെ പേരിൽ ലൈസൻസ് ഉള്ള കള്ള് ഷാപ്പിൽ നിന്നും ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറി മാലിന്യങ്ങളും പ്ലാസ്റ്റിക് കവറുകളും പരിസര പ്രദേശത്ത് തള്ളിയതിന് ഷാപ്പിന് സ്ക്വാഡ് 5000 രൂപ പിഴ ചുമത്തി. നടുമുറ്റത്ത് ഓട്ടോ മൊബൈൽസിൽ നിന്നുള്ള വർക്ക്ഷോപ്പ് മാലിന്യങ്ങൾ പ്രദേശത്ത് അലക്ഷ്യമായി കൂട്ടി ഇട്ടതിനു സ്ക്വാഡ് സ്ഥാപനത്തിന് 2500 രൂപയും പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി പി, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സീഷ്മ പി എൻ തുടങ്ങിയവർ പങ്കെടുത്തു.