ജമ്മു കശ്മീരിലെ ദോഡയില്‍ ഏറ്റുമുട്ടല്‍; നാല് ജവാന്മാർക്ക് വീരമൃത്യു
ജമ്മു : ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മേജർ റാങ്കിലുള്ള ഓഫീസറടക്കം നാല് ജവാന്മാർക്ക് വീരമൃത്യു. രാഷ്ട്രീയ റൈഫിള്‍സിന്റെ സ്പെഷ്യല്‍ ഓപ്പറേഷൻസ് വിഭാഗവും ജമ്മു കശ്മീർ പോലീസും ദോഡ നഗരത്തില്‍ നിന്ന് 55 കിലോമീറ്റർ അകലെയുള്ള വനമേഖലയില്‍ ഭീകരർക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടലുണ്ടായത്.
തിങ്കളാഴ്ച വൈകീട്ടുണ്ടായ ആദ്യ ഏറ്റുമുട്ടലിനു പിന്നാലെ വനമേഖലയിലേക്ക് രക്ഷപ്പെട്ട ഭീകരവാദികളെ സുരക്ഷാസേന പിന്തുടർന്നു. രാത്രി ഒൻപതോടെ വനത്തിനുള്ളില്‍വച്ച് വീണ്ടും ഏറ്റുമുട്ടലുണ്ടായി. ഭീകരർക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ സുരക്ഷാസേനയ്ക്കുനേരെ അപ്രതീക്ഷിത വെടിവെപ്പുണ്ടായി. ഉടൻതന്നെ സൈന്യം ശക്തമായി തിരിച്ചടിച്ചു. അതിനിടെ, അഞ്ച് സൈനികർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഓഫീസറടക്കം നാലുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഏറ്റുമുട്ടലിനെത്തുടർന്ന് കൂടുതല്‍ സൈനികരെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.ഏറ്റുമുട്ടല്‍ തുടരുകയാണ്. അര മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടലിലാണ് നാല് ജവാന്മാർ വീരമൃത്യു വരിച്ചത്.