പ്രമുഖ ഡ്രമ്മർ ജിനോ കെ. ജോസ് അന്തരിച്ചു; ഇടതുകാലിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു
കൊച്ചി : പ്രമുഖ ഡ്രമ്മർ ജിനോ കെ. ജോസ് (47) അന്തരിച്ചു. ഇടതുകാലിലെ അണുബാധയെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കിഡ്നി രോഗബാധയടക്കം അലട്ടിയിരുന്നു. വടക്കൻ പറവൂർ കൂട്ടുകാട് കിഴക്കേ മാട്ടുമ്മൽ ജോസഫിന്റെ മകനാണ്. അസാമാന്യ കൈവേഗതയോടെ ഡ്രമ്മ് കൈകാര്യം ചെയ്തിരുന്ന ജിനോ ജൂനിയർ ശിവമണി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഡി.ജെ.യായും ശോഭിച്ചിരുന്നു. പ്രശസ്ത വാദ്യകലാകാരൻ ശിവമണിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ശിവമണി കേരളത്തിൽ പരിപാടിക്ക് എത്തുമ്പോൾ ഡ്രം സെറ്റ് ഒരുക്കിയിരുന്നത് ജിനോ ആണ്. ഇരുവരും വേദി പങ്കിട്ടിട്ടുമുണ്ട്. വളർത്തു മൃഗങ്ങളോടുള്ള സ്നേഹവും സാമൂഹിക പ്രവർത്തനവും ഒത്തുകൊണ്ടുപോയിരുന്ന കലാകാരൻ കൂടിയായിരുന്നു ജിനോ. ലോക്ക്ഡൗൺ കാലത്ത് കലാകാരന്മാർക്കും തെരുവിൽ കഴിയുന്നവർക്കും സഹായം എത്തിച്ചുനൽകി. കുറച്ചു കാലം ചങ്ങമ്പുഴ പാർക്കിന് സമീപം ബർഗർ ഷോപ്പ് നടത്തിയെങ്കിലും സ്റ്റേജ് പരിപാടികളുടെ തിരക്കുമൂലം പിന്നീട് അത് ഉപേക്ഷിച്ചു. ഭാര്യ: സിന്ധു. മക്കൾ: ജൂലിയൻ, ജുവാൻ. പൊതുദർശനം ഇന്ന് രാവിലെ 11 വരെ കൂട്ടുകാടുള്ള ജന്മവീട്ടിലും 12 മുതൽ ഇടപ്പള്ളി സുഭാഷ് നഗറിലെ വസതിയിലും നടക്കും. സംസ്കാരം വൈകീട്ട് നാലിന് പോണേൽ സെയ്ന്റ് ഫ്രാൻസിസ് സേവ്യഴ്സ് പള്ളി സെമിത്തേരിയിൽ.