കെ. സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്സ്
കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്സ്. ‘കണ്ണൂരിന്റെ ഹൃദയമാണ് കെ.എസ് എന്നും പിണറായി സർക്കാറിനെ താഴെയിറക്കാന്‍ കോൺഗ്രസിന്റെ പടനായകന് കെ. സുധാകരൻ എത്തുന്നു’ എന്നെല്ലാമാണ് ഫ്ലക്സിൽ എഴുതിയിരിക്കു ന്നത്. കണ്ണൂർ തന്റെ ഹൃദയരക്തമാണെന്ന് പറഞ്ഞ് നേരത്തെ സുധാകരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു.
അതേസമയം, കോൺഗ്രസ് നേതൃത്വവു മായി ചർച്ച നടത്താനായി സുധാകരൻ ഡൽഹിയിലെത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. മത്സരിക്കണമെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് സുധാകരൻ. ഹൈകമാൻഡിനെ നിലപാട് അറിയിക്കും. അതിനിടെ സുധാകരന് സീറ്റ് നൽകില്ലെ ന്നും എം.പിമാര്‍ മല്‍സരിക്കേണ്ടെന്ന കെ.പി.സി.സി നിലപാട് ഹൈകമാന്‍ഡ് അംഗീകരിച്ചെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സുധാകരനെ അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഹൈകമാന്‍ഡ്.