കണ്ണൂരില്‍ സിപിഐഎമ്മിനെ ഞെട്ടിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന് പാര്‍ട്ടിവിട്ടു; തളിപ്പറമ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും
കണ്ണൂർ : കണ്ണൂരില്‍ സിപിഐഎമ്മിനെ ഞെട്ടിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന് പാര്‍ട്ടിവിട്ടു. തളിപ്പറമ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ടി കെ ഗോവിന്ദന് പാര്‍ട്ടി വിട്ടത്. മൂന്നു തവണ എംഎല്‍എ ആയതിന് ശേഷം നാലാം തവണ ആ കസേരയില്‍ ഭാര്യയെ ഇരുത്തുന്നത് ശരിയല്ല. ഭാര്യയെ സ്ഥാനാര്‍ഥി ആക്കിയതിന്റെ പിന്നില്‍ അഴിമതി നടത്താനാണെന്നും ടി കെ ഗോവിന്ദന് ആരോപിച്ചു. ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും യുഡിഎഫ് പിന്തുണ തന്നാല്‍ സ്വീകരിക്കുമെന്നും ടി കെ ഗോവിന്ദന് പറഞ്ഞു. അവസാന കാലത്ത് ഈ നീതികേടിന് കൂട്ടുനില്ക്കാന് തയ്യാറല്ലെന്നും അതുകൊണ്ട് ആണ് പുറത്ത് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ പാര്‍ട്ടിയെ തിരുത്തട്ടെ. ഇതില്‍ പ്രതിഷേധിച്ച് വേണ്ടി വന്നാല്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്വതന്ത്രമായി മത്സരിക്കും. പാര്‍ലിമെന്ററി വ്യാമോഹം തനിക്കില്ല. ഇന്നുവരെ ഒരു നേതാവിന്റെ അടുത്തും പോയിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയില്‍ ഇതുവരെ ഇല്ലാത്ത ചില പ്രവണതകള്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നും നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയം വന്നപ്പോള്‍ പാര്‍ട്ടിയുടെ സംഘടന രീതിക്ക് ചേരാത്ത, മൊറാലിറ്റിക്ക് ചേരാത്ത കാര്യങ്ങള്‍ ആണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ രീതി പ്രകാരം സ്ഥാനാര്‍ഥി പട്ടിക ആദ്യം ചര്‍ച്ച ചെയ്യുക ജില്ലാ സെക്രട്ടറിയേറ്റ് ആണ്. വിഷയം ചര്‍ച്ച ചെയ്തു. കണ്ണൂരില്‍ ഒരു വനിതാ സ്ഥാനാര്‍ഥി വേണം, അത് തളിപ്പറമ്പിലായിരിക്കണം, പികെ ശ്യാമളയായിരിക്കണം എന്ന നിര്‍ദേശം ജില്ലാ സെക്രട്ടറി മുന്നോട്ട് വച്ചു. പയ്യന്നൂരില്‍ മധുസൂദനനെ മത്സരിപ്പിക്കണം എന്ന നിര്‍ദേശവും വന്നു. ഈ രണ്ട് നിര്‍ദേശത്തോടും കടുത്ത എതിര്‍പ്പ് സെക്രട്ടറിയേറ്റില്‍ വന്നു. മധുസൂദനന് മോശക്കാരനായതു കൊണ്ടല്ല. അദ്ദേഹത്തെ കുറിച്ച് ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതില്‍ കാതലുണ്ടെന്ന് പാര്‍ട്ടി കണ്ടെത്തിയിട്ടില്ല. എന്നാല്‍ കുഞ്ഞികൃഷ്ണന്റെ കണക്കിന് ആണ് പയ്യന്നൂരില്‍ പാര്‍ട്ടിക്ക് വിശ്വാസം. പാര്‍ട്ടിയുടെ കണക്കില്‍ പയ്യന്നൂരിലെ ജനങ്ങള്‍ക്ക് വിശ്വാസമില്ല. ഈ സാഹചര്യത്തില്‍ മധുസൂദനനെ സ്ഥാനാര്‍ഥി ആക്കരരുതെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ അഭിപ്രായം ഉയര്‍ന്നു – അദ്ദേഹം പറഞ്ഞു.