കാനത്തിൽ ജമീലയുടെ സംസ്കാരം ചൊവ്വാഴ്ച; മൂന്നിടങ്ങളിൽ പൊതുദർശനം
കൊയിലാണ്ടി : കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ (60) ഖബറടക്കം ചൊവ്വ വൈകിട്ട് ആറിന് അത്തോളി കുനിയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ചൊവ്വ രാവിലെ വരെ മെയ്ത്ര ആശുപത്രിയിൽ സൂക്ഷിക്കുന്ന മൃതദേഹം അവിടെനിന്ന് നേതാക്കൾ ഏറ്റുവാങ്ങും. തുടർന്ന് സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരൻ സ്മാരക മന്ദിരത്തിൽ പൊതു ദർശനം. അതിനുശേഷം കൊയിലാണ്ടി ടൗൺ ഹാളിലും ഉച്ചക്കുശേഷം തലക്കുള ത്തൂരിലും പൊതുദർശനമുണ്ടാകും. തുടർന്ന് തലക്കുളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. ശനി രാത്രി 8.40ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയി ലായിരുന്നു അന്ത്യം. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. അർബുദ ബാധിതയായി വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ജമീലയെ ശനിയാഴ്ചയാണ് ആശുപത്രി യിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അവർ ഒന്പതുമാസത്തോളമായി ചെന്നൈയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു.