കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിനസർവീസ് തുടങ്ങി
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിനസർവീസ് തുടങ്ങി. രാത്രി 10.10ന് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 1.20ന് കണ്ണൂരിലെത്തും. തിരികെ രാവിലെ 6.20ന് പുറപ്പെട്ട് 9.25ന് ഡൽഹിയിലെത്തും. ഒന്നര വർഷത്തിന് ശേഷമാണ് കണ്ണൂർ-ഡൽഹി സെക്ടറിൽ സർവീസ് പുനരാരംഭിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിലെത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. കിയാൽ എംഡി സി.ദിനേശ് കുമാർ കേക്ക് മുറിച്ചും ദീപം തെളിയിച്ചും ആഘോഷിച്ചു. വിമാനത്താവള ജീവനക്കാരും യാത്രക്കാരും ഇൻഡിഗോ വിമാന യാത്രക്കാരും ആഘോഷത്തിൽ പങ്കെടുത്തു. എയർ ഇന്ത്യ ലയനത്തിന്റെ ഭാഗമായി മെട്രോയിതര നഗരങ്ങളിൽ നിന്നുള്ള സർവീസുകൾ അവസാനിപ്പിച്ച തോടെയാണ് ഡൽഹിയിലേക്ക് സർവീസില്ലാതായത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-ബെംഗളൂരു സർവീസ് ജനുവരി മൂന്നു മുതൽ പുനരാരംഭിക്കും. വെള്ളിയാഴ്ച കളിൽ മാത്രമാണ് സർവീസ്. രാവിലെ 6.10ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 7.10ന് ബെംഗളൂരുവിലെത്തും. തിരികെ 8.10ന് പുറപ്പെട്ട് 9.10ന് കണ്ണൂരിലെത്തും. കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ഇൻഡിഗോ രണ്ട് പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.