ഇരിട്ടി പുന്നാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉളിയിൽ സ്വദേശിയായ യുവാവ് മരണപ്പെട്ടു
ഇരിട്ടി : പുന്നാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉളിയിൽ സ്വദേശിയായ യുവാവ് മരണപ്പെട്ടു. ഉളിയിൽ തെക്കംപൊയിൽ സ്വദേശി ഫൈജാസ് (32) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് പുന്നാട് അപ്സര ബിൽഡിങിന് സമീപമാണ് അപകടം. ഇരിട്ടി ഭാഗത്തു നിന്നും പുന്നാട് ഭാഗത്തേക്ക് വരികയായിരുന്ന ഫൈജാസ് സഞ്ചരിച്ച കാറും ചക്കരക്കല്ലിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ അഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്ന് കാറിൽ കുടുങ്ങി പോയ യുവാവിനെ ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ചക്കരക്കല്ലിൽ നിന്നുള്ള കാറിൽ സഞ്ചരിച്ചിരുന്നവരെ ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലാകാരനായ ഫൈജാസ് കേളകത്ത് ഒരു പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.