എഴുത്തുകാരൻ എ കെ പുതുശ്ശേരി അന്തരിച്ചു; 93 പുസ്തകങ്ങൾ അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്
കൊച്ചി : എഴുത്തുകാരൻ എ കെ പുതുശ്ശേരി (90) അന്തരിച്ചു. 93 പുസ്തകങ്ങൾ അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ് ടി റെഡ്യാർ ആൻഡ് സൺസിൽ ദീർഘ കാലം ജോലി ചെയ്തിരുന്നു. കൊച്ചിയുടെ സാംസ്കാരിക മേഖലയുടെ സജീവ സാന്നിധ്യമായ പുതുശ്ശേരി, കൊച്ചിയുടെ പഴയ കാല ചരിത്രം കൃത്യമായി അറിയുന്ന ആളായിരുന്നു. തേനരുവി, എസ്ടിആർ സചിത്രകഥ (കുട്ടികളുടെ മാസികകൾ) എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, മലയാള സാഹിത്യമണ്ഡലം, തൃക്കണാർവട്ടം സാമൂഹ്യസംരക്ഷണ സംഘം, സെന്റ് മേരീസ് ബസിലിക്ക പാരിഷ് ഫാമിലി യൂണിയൻ, എറണാകുളം ഡ്രാമാറ്റിക്കൽ ബ്യൂറോ എന്നീ പ്രസ്ഥാനങ്ങളുടെ ജനറൽ സെക്രട്ടറിയായി ഏറെക്കാലം സേവനമനുഷ്ടിച്ചു.
കേരള കാത്തലിക് ബിഷപ്സ് കോൺസിൽ സംഘടിപ്പിച്ച അഷില കേരള ബൈബിൾ നാടകാവതരണ മത്സരങ്ങളിൽ തുടർച്ചയായി മൂന്ന് തവണ ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡുകൾ നേടി. നടൻ, ഗാനരചയിതാവ്, നാടക സംവിധായകൻ എന്നീ നിലകളിലും അറിയപ്പെട്ടു. കൃഷ്ണപക്ഷക്കിളികൾ എന്ന സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതി. ടോക് എച്ച് പബ്ലിക് സ്കൂളിന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്, ഗുരധർമ്മ പ്രചരണസഭയുടെ (ശിവഗിരി) കേന്ദ്രകമ്മറ്റി അംഗവും എറണാകുളം ജില്ലയുടെ ഓർഗനൈസറും സെന്റ് മേരീസ് ബസലിക്ക പാരിഷ് ഫാമിലി യൂണിയൻ ചെയർമാനും ട്രസ്റ്റിയുമായിരുന്നു.