കണ്ണൂർ ചെങ്ങളായിയിൽ റബർ തോട്ടത്തിൽ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തി
ശ്രീകണ്ഠപുരം : ചെങ്ങളായിയില്‍ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സ്വർണം, വെള്ളി ശേഖരം കിട്ടി. പരിപ്പായി ഗവ. യു.പി. സ്കൂളിന് സമീപത്തെ പുതിയപുരയില്‍ താജുദ്ദീന്റെ റബ്ബർത്തോട്ടത്തില്‍നിന്നാണ് ഇവ ലഭിച്ചത്. 17 മുത്തുമണി, 13 സ്വർണലോക്കറ്റുകള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാലത്തെ അഞ്ച് മോതിരങ്ങള്‍, ഒരുസെറ്റ് കമ്മല്‍, നിരവധി വെള്ളിനാണയങ്ങള്‍, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരു വസ്തു എന്നിവയാണ് ലഭിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ചെങ്ങളായി പഞ്ചായത്ത് പത്താംവാർഡ് തൊഴിലുറപ്പ് തൊഴിലാളികള്‍ റബ്ബർത്തോട്ടത്തില്‍ മഴക്കുഴിക്കായി ഒരുമീറ്റർ ആഴത്തില്‍ കുഴിയെടുത്തപ്പോഴാണ് ഇവ ലഭിച്ചത്. ചിതറക്കിടക്കുന്ന നിലയിലായിരുന്നു ആഭരണങ്ങളും നാണയങ്ങളും. തുടർന്ന് തൊഴിലാളികള്‍ പോലീസില്‍ വിവരമറിയിച്ചു. ശ്രീകണ്ഠപുരം എസ്.ഐ. എം.വി.ഷീജുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സ്വർണം, വെള്ളി ശേഖരം കസ്റ്റഡിയിലെടുത്തു. ഇവ വെള്ളിയാഴ്ച തളിപ്പറമ്പ കോടതിയില്‍ ഹാജരാക്കി. പുരാവസ്തുവകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ പരിശോധനയില്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ. കണ്ടെടുത്ത സ്വർണാഭരണങ്ങള്‍ക്കും വെള്ളിനാണയങ്ങള്‍ക്കും ഏറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.