കണ്ണൂരിലെ നിധിശേഖരം; കൂടുതല്‍ പരിശോധനക്ക് പുരാവസ്തുവകുപ്പ് വിദഗ്ധര്‍ തിങ്കളാഴ്ചയെത്തും
ശ്രീകണ്ഠപുരം : തൊഴിലുറപ്പ് തൊഴിലാളികള്‍ മഴക്കുഴി യെടുക്കുന്നതിനിടെ കിട്ടിയ സ്വര്‍ണം, വെള്ളി ശേഖരം പുരാവസ്തുവകുപ്പ് പരിശോധിക്കും. പരിസരത്ത് വേറെ എവിടെയെങ്കിലും നിധിശേഖരം ഉണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്തും. ഇതിനായി പുരാവസ്തുവകുപ്പ് വിദഗ്ധര്‍ തിങ്കളാഴ്ചയെത്തും. അതേസമയം ‘നിധി’ കിട്ടിയ കുഴിക്ക് സമീപത്തുനിന്ന് ശനിയാഴ്ച കൂടുതല്‍ നാണയങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിച്ചു. അഞ്ച് വെള്ളിനാണയങ്ങളും മാലയുടെ മുത്തുമണികളുമാണ് കണ്ടെത്തിയത്. ആദ്യം കണ്ടെത്തിയ പാത്രത്തില്‍നിന്ന് ഇവ തെറിച്ചുവീണതെന്നാണ് കരുതുന്നത്. വെള്ളിനാണയത്തില്‍ അറബിക് ഭാഷയിലേതുപോലയുള്ള എഴുത്തുമുണ്ട്. പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപത്തെ പുതിയപുരയില്‍ താജുദ്ദീന്റെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് ഇവ കിട്ടിയത്. കഴിഞ്ഞ ദിവസം 17 മുത്തുമണി, 13 സ്വര്‍ണലോക്കറ്റുകള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, നിരവധി വെള്ളിനാണയങ്ങള്‍, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരു സാധനം എന്നിവയാണ് കണ്ടെടുത്തത്.