പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ സഞ്ചരിച്ച പ്രത്യേക ട്രെയിനിനുനേർക്ക് കല്ലേറ്
കണ്ണൂർ : പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ സഞ്ചരിച്ച പ്രത്യേക ട്രെയിനിനുനേർക്ക് കല്ലേറ്. ഞായറാഴ്ച വൈകിട്ട് 3.30ന് കണ്ണൂർ പാപ്പിനിശ്ശേരിക്കടുത്തായിരുന്നു സംഭവം. കല്ലേറിൽ ട്രെയിൻ ജനൽചില്ല് പൊട്ടി. പാലക്കാട് ഡി.ആർ.എം. അരുൺകുമാർ ചതുർവേദി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ മംഗളുരുവിൽനിന്ന് വരികയായിരുന്നു. സെൽഫ് പ്രൊപ്പൽഡ് ഇൻസ്പെക്ഷൻ കാർ (സ്പിക്) എന്ന പ്രത്യേക ട്രെയിനിലായിരുന്നു യാത്ര. കഴിഞ്ഞദിവസം മംഗളൂരുവിൽ വിവിധ സോണുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗമുണ്ടായിരുന്നു. അതിനുശേഷം പയ്യന്നൂർ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ പരിശോധന നടത്തി മടങ്ങവെയാണ് കല്ലേറുണ്ടായത്. ഇതോടെ വണ്ടി കണ്ണൂരിൽ നിർത്തി പരിശോധിച്ചു. സംഭവത്തിൽ ആർ.പി.എഫും റെയിൽവേ പൊലീസും ലോക്കൽ പൊലീസും അന്വേഷണം തുടങ്ങി.