കൃഷ്ണഗാഥാകാരൻ ചെറുശേരിക്ക് കണ്ണൂരിൽ മ്യൂസിയം ഒരുങ്ങുന്നു; കണ്ണൂർ ചിറക്കലിലാണ് സ്മാരകമൊരുങ്ങുന്നത്
കണ്ണൂർ : ഹരിമുരളീരവമൊഴുകും. വൃന്ദാവനമൊരുങ്ങും. കൃഷ്ണഗീതികൾ നിർത്താതെ അലയടിക്കും. കൃഷ്ണഗാഥാകാരൻ ചെറുശേരിക്ക് കണ്ണൂരിൽ മ്യൂസിയം ഒരുങ്ങുന്നു. ആജ്ഞയാ കോല ഭൂപസ്യ. കൃതായാം കൃഷ്ണഗാഥായാം എന്ന് ചരിത്രം പറയുന്നുണ്ട്. കോലത്തുനാട് ഭരിച്ച രാജാവ് പറഞ്ഞതിൻ പ്രകാരമാണ് ചെറുശേരി കൃഷ്ണഗാഥ എഴുതിയത്. വിസ്മൃതിയിൽ മറയുന്ന ചെറുശേരിയുടെ ഓർമ്മ നിലനിർത്തുകയാണ് ലക്ഷ്യം.
പൊന്നിൻ ചിങ്ങം പിറന്നപ്പോൾ കൃഷ്ണഗാഥയെന്ന പച്ച മലയാളം കാവ്യത്തിലൂടെ മലയാള കവിതയ്ക്ക് പുതിയ ഭാവുകത്വം പകർന്ന ചെറുശേരിക്ക് കണ്ണൂർചിറക്കലിലാണ് സ്മാരകമൊരു ങ്ങുന്നത്. ഭാഷാ സ്നേഹികളുടെ ആവശ്യത്തെ തുടർന്നാണ് അഴീക്കോട് എം.എൽ എ കെ.വി. സുമേഷ് സർക്കാരിന് പദ്ധതി സമർപ്പിച്ചത്. ചെറുശേരി നമ്പൂതിരിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ നിറഞ്ഞ ചിറക്കൽ കിഴക്കെകര മതിലകം ശ്രീകൃഷ്ണ ക്ഷേത്രത്തെയാണ് ചെറുശേരി മ്യൂസിയമാക്കി ഉയർത്തുന്നത്. കൊട്ടാരം സദസ്യനായ ചെറുശേരിയുമായി ചതുരംഗം കളിക്കവെ തോൽക്കുമെന്നുറപ്പായ രാജാവിനോട് കുഞ്ഞിനെ താരാട്ടുപാടിയുറക്കുന്ന രാജ്ഞി ഉന്തുന്ത് ഉന്തുന്ത് ആളെയുന്തെന്ന് താരാട്ടിൻ്റെ ഈണത്തിൽ കരുക്കളുടെ നീക്കം പറഞ്ഞു കൊടുക്കുകയും രാജാവ് വിജയിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
കോലത്തിരി ഉദയവർമ്മ രാജാവിൻ്റെ ആജ്ഞയാലാണ് താരാട്ട് പാട്ടിൻ്റെ ഈണത്തിൽ ചെറുശേരി കൃഷ്ണഗാഥ രചിക്കുന്നത്.കോലത്തിരി രാജാവിൻ്റെ നിർദ്ദേശ പ്രകാരം ചെറുശേരി ആദി മലയാള കാവ്യമായ കൃഷ്ണഗാഥ രചിച്ചു. ക്ഷേത്രത്തിൻ്റെ തനിമ നിലനിർത്തി സാംസ്കാരിക പൈതൃക കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ തീരുമാനം. സാംസ്കാരിക വകുപ്പ് പദ്ധതിക്കായി രണ്ടു കോടി രൂപയാണ് വകയിരുത്തിയത്. ഓഗസ്റ്റ് 15 നകം പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി സമർപ്പിക്കാൻ വാസ്തുവിദ്യാ ഗുരുകുലത്തെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. ചിറക്കൽ കോവിലകം ട്രസ്റ്റിയുമായി ചർച്ച നടത്തി രൂപരേഖ അന്തിമമാക്കി പ്രവർത്തനങ്ങൾ തുടങ്ങും. ഇവിടെ വൃന്ദാവനമൊരുങ്ങും. ഓപ്പൺ ഓഡിറ്റോറിയം, മുഴുവൻ സമയവും കൃഷ്ണഗാഥ ഒഴുകിയെത്തും. കൃഷ്ണഗാഥയുടെയും ചെറുശേരിയുടെയും ചരിത്ര പ്രാധാന്യം ചിത്രീകരിക്കുന്ന മ്യൂസിയവുമുണ്ടാകും ഇവയാണ് ചെറുശേരി മ്യൂസിയത്തിൻ്റെ ഭാഗമായി ഒരുക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ കോലത്തിരി ഉദയവർമ്മ രാജാവിൻ്റെ സദസ്യനായ മഹാകവിയെയും മലയാളത്തിൽ രചിച്ച കൃഷ്ണഗാഥയെയും പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനാണ് പൈതൃക സംരക്ഷണത്തിൻ്റെ ഭംഗമായി ചിറക്കലിൽ മ്യുസിയം ഒരുങ്ങുന്നത്.
ക്ഷേത്രനഗരിയായ ചിറക്കലിൻ്റെ തീർത്ഥാടന ടൂറിസത്തിൻ്റെ സാധ്യതകൾ കൂടി പരിഗണിച്ചാണ് പദ്ധതി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ചിറയായ ചിറക്കൽ ചിറയുടെ നവീകരണം പൂർത്തിയായി കഴിഞ്ഞു. നീന്തൽ പരിശീലന കേന്ദ്രം. ബോട്ടു സവാരി. വാക്ക് വേ, പാർക്കുകൾ എന്നിവയും യാധാർത്ഥ്യമാകും. ചെറുശേരി മ്യൂസിയത്തിൽ അത്യാധൂനിക ഡിജിറ്റൽ ഗ്രന്ഥാലയം, ചെറുശേരിയുടെയും ചിറക്കൽ രാജവംശത്തിൻ്റെയും ചരിത്രം പറയുന്ന രേഖാചിത്രങ്ങൾ ഉണ്ടാകും. പൂർണകായ ചെറുശേരി പ്രതിമയും സ്ഥാപിക്കും. ക്ഷേത്രം കലാരൂപങ്ങൾ പ്രദർശിപ്പിക്കാനുള്ള ഇടങ്ങളും വരും. 1 200 വർഷങ്ങൾ പഴക്കമുള്ളതാണ് ചിറക്കൽ ചിറയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന കിഴക്കെക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്രം. ചെറുശേരി കൃഷ്ണഗാഥ എഴുതി പൂർത്തിയാക്കിയത് ചിറക്കൽ ചിറയുടെ കിഴക്കു വശത്തുള്ള ഈ ക്ഷേത്രത്തിൽ താമസിച്ചു കൊണ്ടാണെന്നാണ് ഐതിഹ്യം. കൃഷ്ണഗാഥയിൽ ശ്രീകൃഷ്ണൻ്റെ ജനനം മുതൽ കംസവധം വരെയുള്ള ഭാഗങ്ങൾ ഗോപുരത്തിൽ അതിമനോഹരമായി ദാരുശിൽപ്പങ്ങളിലൂടെ കൊത്തിവെച്ചിട്ടുണ്ട്.
കിഴക്കെക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്രത്തെ കേരളത്തിലെ കാവ്യരാധാന കേന്ദ്രമായി മാറ്റണമെന്ന് ഫോക്ലോർ ഗവേഷകൻ ഡോക്ടർ സഞ്ജീവൻ അഴിക്കോട് പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് ഒരു സംസ്കൃത പണ്ഡിതൻ പച്ച മലയാളത്തിൽ അഥവാ തനി മലയാളത്തിൽ കാവ്യമെഴുതിയത്. ഇത്ര മാത്രം ജനകീയ പാരായണം നടന്ന മറ്റൊരു കാവ്യവും മലയാളത്തിലുണ്ടായിട്ടില്ല ചെറുശേരിയും കൃഷ്ണഗാഥ എഴുതിയ കൊട്ടാരവും മലയാളിയുടെ മനസിൽ മായാതെ മങ്ങാതെ കൂടുതൽ മിഴിവുറ്റതായി മാറുകയാണ്