നിറയെ പച്ചക്കറികൾ; മട്ടുപ്പാവ് കൃഷിയിടമായി
കണ്ണൂർ : മാഹി സ്വദേശി കെ. പി. നൗഷാദിന്റെ വീട്ടിലെ മട്ടുപ്പാവിൽ ഒരുക്കിയ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി സിഡിഎസിന്റെ നേതൃത്വത്തിൽ വർണ്ണം ജെ.എൽ.ജി സംഘടിപ്പിച്ച പരിപാടിയിൽ കൃഷി ഓഫീസർ എം.ഒ. അംഗിത, സി.ഡി.എസ് ചെയർപേഴ്സൺ കെ.പി. ലീല, അഗ്രി സി.ആർ.പി എൻ.വി. സുഷമ, ജെ.എൽ.ജി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കുടുംബശ്രീ സംവിധാനത്തിലൂടെ നടപ്പിലാ ക്കുന്ന കൂട്ടായ കൃഷി സംരംഭങ്ങളും വീടുകളിലെ കൃഷിയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു. സ്ഥലപരിമിതികളെ മറികടന്ന് 5 സെന്റ് ഭൂമിയിലുള്ള വീട്ടിലെ മട്ടുപ്പാവിൽ നൂറ്റമ്പതോളം ഗ്രോബാഗുകളിലായി 300ഓളം പച്ചക്കറി തൈകളാണ് നൗഷാദ് വളർത്തുന്നത്. തക്കാളി, പച്ചമുളക്, കാബേജ്, കോളിഫ്ലവർ, വെണ്ട തുടങ്ങിയ പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്ന ത്. മുൻപ് പൂകൃഷിയിൽ വിജയം നേടിയ നൗഷാദ് നിലവിൽ പച്ചക്കറി കൃഷിയിലാ ണ് ശ്രദ്ധ. ഭാര്യ ഷാഹിദയും ഭാര്യയുടെ ജ്യേഷ്ഠത്തി സീനത്തും ചേർന്നാണ് കൃഷി പരിചരിക്കുന്നത്. വീട്ടാവശ്യങ്ങൾക്കൊപ്പം വിപണിയിലേക്കും പച്ചക്കറികൾ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം. സിപിഐ എം മാഹി ലോക്കൽ സെക്രട്ടറിയാണ് കെ. പി. നൗഷാദ്.