കണ്ണൂരിലുമുണ്ട് ഒരു മീശപ്പുലിമല; പ്രകൃതി അതിമനോഹരമായ പാലുകാച്ചിപ്പാറ
കണ്ണൂർ : കണ്ണൂരിലെ മീശപ്പുലിമലയാണ് പാലുകാച്ചിപ്പാറ. അതുന്നതങ്ങളിൽ പ്രകൃതി അതിമനോഹരം. പോകാം നമുക്ക് പോകാം പാലുകാച്ചിമലയുടെ സാന്ദര്യം തേടി. രൂപത്തിലും ഭാവത്തിലുമൊക്ക മീശപ്പുലിമലയോട് ചെറിയ സാദൃശ്യമുള്ളതിനാല്‍ സഞ്ചാരികള്‍ പാലുകാച്ചി പ്പാറയെ കണ്ണൂരിലെ മീശപ്പുലിമല എന്നും വിശേഷിപ്പിക്കാറുണ്ട്. അധികമാരും കയറിച്ചെന്നിട്ടില്ലാത്ത മല കയറുമ്പോൾ വലിയ കേഴമാൻ ഓടുന്നത് കാണാം. കണ്ണൂരിൽ മട്ടന്നൂരില്‍ നിന്നും കുറച്ചുകൂടി അകലെ ശിവപുരത്തെ മാലൂരിനടുത്താണ് പാലുകാച്ചിപ്പാറ. സമുദ്രനിരപ്പില്‍ നിന്നും മൂവായിരം അടി മുകളിലായി സ്ഥിതി ചെയ്യുന്ന പാലുകാച്ചിപ്പാറ പുരളിമലയുടെ ഭാഗമാണ്.
പഴശ്ശിരാജയുടെ ഒളിപ്പോരാട്ടങ്ങളുടെ പേരില്‍ പണ്ടേ പുരളിമല പ്രസിദ്ധമാണ്. കോടമഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന പാലുകാച്ചിപ്പാറയുടെ രൂപം ശരിക്കും കാണണമെങ്കില്‍ മഞ്ഞിറങ്ങിപ്പോകണം. അതുവരെ അഭൗമീകമായ ഒരു സൗന്ദര്യമാണ് പ്രദേശത്തിനുള്ളതെങ്കിലും കാഴ്ചകളുടെ ഭംഗി മഞ്ഞിറങ്ങിയാല്‍ മാത്രമേ പിടികിട്ടുകയുള്ളൂ.മട്ടന്നൂർ ടൗണിൽ നിന്ന് പത്തുകിലോമീറ്റർ ദൂരെ ശിവപുരം പടുപാറയിൽ നിന്നു മൈക്രോടവർ വഴി പാലുകാച്ചിപാറയിലെത്താം. കണ്ണൂർ നിന്നും 34 കിലോമീറ്ററും തലശേരിയിൽ നിന്നും 28 കിലോമീറ്ററും യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. ട്രക്കിങ് താൽപര്യമുള്ളവർ ക്ക് ഇങ്ങോട്ടുള്ള യാത്ര ഹരമാവും. മലമടക്കുകളിൽ നിന്നുമുള്ള ദൂരകാഴ്ചയിൽ കണ്ണൂർ വിമാനത്താവളം കാണാം. അറബിക്കടലും പാലുകാച്ചി പാറയുടെ മുകളിൽ നിന്നാൽ കാണാം. ഇവിടം ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമാക്കാനുള്ള ആലോചനകൾ നടന്നു വരികയാണ്