സിപിഎം പാർട്ടി കോണ്‍ഗ്രസ് സമാപിച്ചതിന് പിന്നാലെ കണ്ണൂരില്‍ പി. ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകള്‍
കണ്ണൂർ : സിപിഎം പാർട്ടി കോണ്‍ഗ്രസ് സമാപിച്ചതിന് പിന്നാലെ കണ്ണൂരില്‍ പി. ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകള്‍. തൂണിലും തുരുമ്ബിലും ദൈവമുണ്ടെന്ന് പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും സഖാവ് നിറഞ്ഞുനില്‍ക്കുമെന്നാണ് ബോർഡുകളിലുള്ളത്. പാർട്ടി ശക്തി കേന്ദ്രങ്ങളിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. ‘റെഡ് യങ്സ് കക്കോത്ത്’ എന്ന പേരിലാണ് ഫ്ലക്സ്.
കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പി. ജയരാജൻ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹത്തിൻറെ അനുകൂലികള്‍ പ്രതീക്ഷിച്ചിരുന്നു. പ്രായപരിധി മാനദണ്ഡം മൂലം ഇനിയൊരു അവസരം ജയരാജനുണ്ടാകില്ലെന്നും ഇത്തവണ അദ്ദേഹം സെക്രട്ടറിയേറ്റില്‍ ഉണ്ടാകുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍, അതുണ്ടായില്ല. ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കമുണ്ടായേക്കാവുന്ന പ്രതിഷേധ പോസ്റ്റുകള്‍ക്ക് തടയിടാൻ കണ്ണൂർ ജില്ലാ നേതൃത്വമടക്കം കടുത്ത ജാഗ്രത പുലർത്തിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയി ല്ലെങ്കിലും കേന്ദ്രകമ്മിറ്റിയില്‍ അദ്ദേഹം ഉള്‍പ്പെടുമെന്ന് അനുകൂലിക്കുന്നവർ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, മധുരയില്‍ സമാപിച്ച പാർട്ടി കോണ്‍ഗ്രസിലും അതുണ്ടായില്ല. ഇതിന് പിന്നാലെയാണ് പി. ജയരാജനെ അനുകൂലിച്ച് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഫ്ലക്സ് ഉയർന്നത്. സാമൂഹ്യമാധ്യമങ്ങളിലും അദ്ദേഹത്തിന് അനുകൂലമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.