പതിവ് അപകടമേഖലയായി വേളാപുരം പഴയ ദേശീയപാതയും പുതിയ സർവീസ് റോഡും ചേരുന്ന സ്ഥലത്തെ വഴി പിരിയുന്ന കേന്ദ്രം
കണ്ണൂർ : പഴയ ദേശീയപാതയും പുതിയ പാതയുടെ സർവീസും ചേരുന്ന വേളാപുരത്തെ വഴി തിരിച്ചു വിടുന്ന ഭാഗം പതിവ് അപകടമേഖലയായി. വ്യാഴാഴ്ച രാത്രി പഴയ പാത വഴി കടന്നുവന്ന ബൈക്ക് യാത്രികൻ പെട്ടെന്ന് സർവീസ് റോഡിലേക്ക് കടക്കുമ്പോൾ റോഡിൽ സ്ഥാപിച്ച കോൺക്രീറ്റ് പാനലിൽ ഇടിച്ച് കാൽ തകർന്നു. അപകടത്തിൽ യുവാവിന്റെ കാൽവിരലുകൾ അറ്റു. റോഡിൽ വീണ് കിടന്ന യുവാവിനെ നാട്ടുകാരാണ് ആസ്പത്രിയിൽ എത്തിച്ചത്.
ഇതേ സ്ഥലത്ത് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മാത്രം ആറോളം അപകടങ്ങൾ നടന്നതായി പ്രദേശ വാസികൾ പറഞ്ഞു. തെരുവ് വിളക്ക് ഇല്ലാത്തതും പഴയ ദേശീയ പാതയുടെ മധ്യത്തിൽ തന്നെ കോൺക്രീറ്റ് പാനൽ സ്ഥാപിച്ചതുമാണ് അപകടങ്ങൾക്ക് മുഖ്യ കാരണമാകുന്നത്. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പുതിയ പാതയുടെ ഭാഗമായി കടക്കുന്ന ആദ്യ ഡൈവേഴ്സൻ കൂടിയാണ് വേളാ പുരത്തുളളത്. വഴിപിരിയുന്ന സ്ഥലത്ത് എത്തുമ്പോൾ മാത്രമാണ് മിക്ക ഡ്രൈവർമാരും ഇരുചക്ര വാഹന യാത്രികരും കെണിയിൽപ്പെടുന്നത്. കൂടാതെ വഴിതിരിച്ചു വിടുന്ന മേഖലയിൽ ആവശ്യമായ സിഗ്നൽ സ്ഥാപിക്കുന്നതിലും അധികൃതർ വീഴ്ച വരുത്തുകയാണ്. അപകടം നടന്ന് പരാതികൾ ഉയരുമ്പോൾ മാത്രമാണ് അപകട മുന്നറിയിപ്പ് അടയാളങ്ങൾ പോലും സ്ഥാപിക്കുന്നത്.