ഷൊർണൂർ-കണ്ണൂർ മെമു അൺ റിസർവ്ഡ് എക്സ്പ്രസിലെ ലേഡീസ് കോച്ചിൽ നിറയെ പുരുഷൻമാർ
കണ്ണൂർ : ഷൊർണൂർ-കണ്ണൂർ മെമു (06023) അൺ റിസർവ്ഡ് എക്സ്പ്രസിലെ ലേഡീസ് കോച്ചിൽ നിറയെ പുരുഷൻമാർ. ശനിയാഴ്ച രാവിലെ എട്ടിന് മാഹിയിൽ നിന്നാണ് കയറിയത്. വനിതാ യാത്രക്കാർ പരാതി അറിയിച്ചതിനെ തുടർന്ന് തലശ്ശേരിയിൽ റെയിൽവേ പോലീസ് എത്തി പുരുഷൻമാരെ ഇറക്കി. എന്നാൽ, വണ്ടി പുറപ്പെട്ട ഉടൻ അവർ വീണ്ടും കയറിയതായി വനിതാ യാത്രക്കാർ പറഞ്ഞു. തിരക്കിനിടയിൽ കോച്ച് മാറി അബദ്ധത്തിൽ കയറിയ ചിലർ പിന്നീട് ജനറൽ കോച്ചിലേക്ക് മാറിക്കയറി. പല തീവണ്ടികളിലും ഇത്തരം സംഭവം ഉണ്ടാകുമ്പോൾ പരാതി പറയാൻ പോലീസ് ഇല്ലാത്തത് തിരിച്ചടിയാണെന്ന് വനിതാ യാത്രക്കാർ പറഞ്ഞു. കന്യാകമാരി-മംഗളൂരു പരശുറാം എക്സ്പ്രസിലെ ലേഡീസ് കോച്ചിൽ രാത്രി കയറിയ പുരുഷയാത്രക്കാരൻ മണിക്കൂറുകളോളം ഭീതി പരത്തിയിരുന്നു. സ്ത്രീസംവരണ കോച്ചിൽ പുരുഷൻമാർ കയറിയാൽ ചുരുങ്ങിയത് 500 രൂപ വരെ പിഴ ഇടാം.