പാതിവില തട്ടിപ്പിന് ഇരിയായവർക്ക് പൂർണ്ണ പിന്തുണയും അവരുടെ നിയമ പോരാട്ടത്തിന് എല്ലാ സഹായവും നൽകും; കെ വി സുമേഷ് എം.എൽ.എ
കണ്ണൂർ : കഴിഞ്ഞ പതിനാലാം തീയതി സീഡ് വുമൺ ഓൻ ഫയർ ഭാരവാഹികളുമായും ഇന്നലെ വൈകുന്നേരം തട്ടിപ്പിന് ഇരയായ 200 ഓളം പേരുമായും നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം കെ വി സുമേഷ് എം.എൽ.എ യും അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.അജീഷും പത്രസമ്മേളനം നടത്തി. തട്ടിപ്പിന് ഇരയായവരെ സഹായിക്കാൻ അവരുടെ ആവശ്യത്തിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് ചെയർമാനായും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനി കൺവീനർ ആയും കെ ഗിരീഷ് കുമാർ വൈസ് ചെയർമാനായും 7 അംഗ കമ്മിറ്റി രൂപീകരിച്ചു. തട്ടിപ്പിന് ഇരയായ എല്ലാവർക്കും നിയമപരമായ പരിപൂർണ്ണ പിന്തുണ നൽകുമെന്ന് അഴീക്കോട് എം.എൽ.എ യും അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.അജീഷും അറിയിച്ചു. വുമൺ ഓൺ ഫയർ ഭാരവാഹികൾ പത്രസമ്മേളനം നടത്തുന്ന സമയത്താണ് ആരെല്ലാമാണ് ഈ തട്ടിപ്പിന് ഇരയായത് എന്ന് മനസ്സിലാക്കിയത്.
വുമൺ ഓൺ ഫയർ ഭാരവാഹികളുടെ പത്രസമ്മേളനത്തിന് ശേഷമാണ് ആരൊക്കെയാണ് എന്ന് മനസ്സിലായത്. ആ സമയത്ത് അവരുമായി നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. എന്നാൽ നിയമസഭ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ വന്ന് ഭാരവാഹികളെ നേരിട്ട് കാണുകയും അവരുടെ മുഴുവൻ കാര്യങ്ങളും കേൾക്കുകയും നിയമ നടപടികൾക്കും എല്ലാം പൂർണ്ണപിന്തുണ അറിയിക്കുകയും ചെയ്തു. ജില്ലാ കോഡിനേറ്റർ നേരിട്ട് വന്ന് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയിൽ പങ്കെടുത്തത്. അവർ തന്നെ മറ്റുള്ള ജനപ്രതിനിധികൾ ജില്ലയിലെ എം.എൽ.എ മാർ മന്ത്രിമാർ പഞ്ചായത്ത് പ്രസിഡണ്ട്മാർ മുൻസിപ്പാലിറ്റി ചെയർമാൻമാർ കോർപ്പറേഷൻ ഭാരവാഹികൾ ഉൾപ്പെടെ പങ്കെടുത്ത ഫോട്ടോ കാണിക്കുകയും ചെയ്തു. അത് വിശ്വസിച്ചിട്ടാണ് പരിപാടിയിൽ പങ്കെടുത്തത്. തട്ടിപ്പിനെ സംബന്ധിച്ച ആ ഘട്ടത്തിൽ അറിഞ്ഞിരുന്നില്ല. ഓഗസ്റ്റ് മാസം 21നാണ് പരിപാടിയിൽ പങ്കെടുത്തത് ആ സമയത്ത് തട്ടിപ്പിനെ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിട്ട് ഉണ്ടായിരുന്നില്ല. ഞങ്ങൾ പങ്കെടുത്ത പോലെ തന്നെ ജില്ലയിലെ എം.എൽ.എ, മുൻസിപ്പൽ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡണ്ട്മാർ, കോർപ്പറേഷൻ ഭാരവാഹികൾ ഉൾപ്പെടെ സമാന പരിപാടികളിൽ പങ്കെടുക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അവർ ആരും തട്ടിപ്പിനെ പ്രോത്സാഹിപ്പിക്കാനാണ് പങ്കെടുത്തത് എന്ന അഭിപ്രായം ഞങ്ങൾക്കില്ല. ജനപ്രതിനിധികൾ എന്ന നിലയിൽ പങ്കെടുത്തതാണ് എന്നാണ് കരുതുന്നത്. അതുപോലെ തന്നെയാണ് ഞങ്ങളും പരിപാടിയിൽ പങ്കെടുത്തത്.
പക്ഷേ ആസൂത്രിതമായി അഴീക്കോട് എം.എൽ.എയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെയും പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ഒറ്റതിരിഞ്ഞ് പറയുന്നത് രാഷ്ട്രീയ ലക്ഷ്യം മനസ്സിൽ വച്ചിട്ടാണ്. പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വെച്ചിട്ടാണ് ഈ രീതിയിലുള്ള പ്രചരണം നടത്തുന്നത്. തട്ടിപ്പിൽ ബന്ധമുള്ള ഒരാളെയും സംരക്ഷിക്കില്ല. കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പോലീസ് ഓഫീസർമാരോട് ഞങ്ങൾ ആവശ്യപ്പെട്ടത്. തട്ടിപ്പിന് നേതൃത്വം കൊടുത്തവർക്ക് സിപിഎമ്മുമായി ബന്ധമുണ്ടെങ്കിൽ ഒരു സംരക്ഷണവും നൽകില്ല. കർശനമായ നിയമനടപടികൾക്ക് വിധേയമാക്കണം എന്ന് സിപിഎം ജില്ലാ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവർക്ക് പാർട്ടിയിൽ നിന്നോ മറ്റോ ഒരു സംരക്ഷണവും ലഭിക്കില്ല. അഴീക്കോട് ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയായത് സി.പി.എം എൽ.ഡി.എഫ് അനുഭവികളാണ്.