മോറാഴ കല്യാശേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പറശ്ശിനിക്കടവ് ബ്രാഞ്ച് തുറന്നു
ധർമശാല : മോറാഴ– കല്യാശേരി സർവീസ് സഹകരണ ബാങ്കിന്റെ പറശ്ശിനിക്കടവ് ബസ് സ്റ്റാൻഡിന് സമീപത്തെ നവീകരിച്ച കെട്ടിടം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനങ്ങളെ ചൊൽപ്പടിക്ക് നിർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ നിയമപരമായി നേരിട്ടാണ് കേരളത്തിലെ സഹകരണമേഖല നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെയാകെ വിശ്വാസം ആർജിച്ചാണ് സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. അവ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിലെ ആദ്യ നിക്ഷേപം അദ്ദേഹം സ്വീകരിച്ചു. ബാങ്ക് പ്രസിഡന്റ് എം വി ജനാർദനൻ അധ്യക്ഷനായി. പി കെ ശ്യാമള വായ്പ വിതരണോദ്ഘാടനവും സഹകരണ ജോയിന്റ് രജിസ്ട്രാർ എം കെ സൈബുന്നിസ സെയ്ഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്ഘാടനവും നിർവഹിച്ചു. കെ സന്തോഷ്, കെ നാരായണൻ, ഇ വേണുഗോപാലൻ, സി വിനോദ്കുമാർ, കെ പി ഷീന, പി പി ഗംഗാധരൻ, കെ ശിവദാസൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ടി എൻ മധുസൂദനൻ സ്വാഗതവും പി പി ഉഷ നന്ദിയും പറഞ്ഞു.