കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് രാത്രി നേരത്ത് ആവശ്യപ്പെട്ട സ്ഥലങ്ങളിൽ നിർത്തിയില്ലെന്ന് പരാതി
അങ്കമാലി : കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് രാത്രി നേരത്ത് ആവശ്യപ്പെട്ട സ്ഥലങ്ങളിൽ നിർത്തിയില്ലെന്ന് പരാതി. പെൺകുട്ടികളായ യാത്രക്കാർക്കാണ് ഇന്നലെ രാത്രിയിൽ ദുരനുഭവം നേരിട്ടത്.കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലാണ് സംഭവം. കൊരട്ടിക്ക് അടുത്ത് പൊങ്ങത്ത് ബസ് നിർത്താൻ കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും തയ്യാറായില്ലെന്നാണ് പരാതി. ഇടുക്കി സ്വദേശി ഐശ്വര്യ എസ് നായർ, പത്തനംതിട്ട സ്വദേശി ആൽഫ പി.ജോർജ് എന്നിവർ പഠനാവശ്യത്തിനായി എറണാകുളത്ത് പോയി മടങ്ങുമ്പോഴാണ് ബസിൽ കയറിയത്.
തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസിൽ അങ്കമാലിയിൽ നിന്ന് കയറിയ പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥിനികൾക്കാണ് ദുരനുഭവമുണ്ടായത്.ഇതോടെ യാത്രക്കാർ കൊരട്ടി പൊലീസിൽ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂർ എത്തിയപ്പോൾ ബസ് നിർത്തി നൽകാമെന്നു കണ്ടക്ടർ അറിയിച്ചെങ്കിലും അവിടെ ഇറങ്ങിയാൽ തിരികെപ്പോകാൻ വഴി അറിയില്ലെന്ന് കുട്ടികൾ പറഞ്ഞു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് ഇറക്കിയത്. രാത്രിയാത്രക്കാരായ വിദ്യാർഥിനികളോടു മാനുഷിക പരിഗണന കാണിക്കാത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചു.