ഗ്രാമസ്വരാജ് ഫൗണ്ടേഷൻ്റെ പി.എൻ പണിക്കർ സാഹിത്യപുരസ്കാരം സ്വാതി പാലോറന് നൽകി
കണ്ണൂർ : ഗ്രാമസ്വരാജ് ഫൗണ്ടേഷൻ കൈരളി സേവക് സമാജത്തിൻ്റെ സഹകരണത്തോടുകൂടി ഏർപ്പെടുത്തിയ പി.എൻ.പണിക്കർ സാഹിത്യ പുരസ്കാരം സ്വാതി പാലോറൻ ഏറ്റുവാങ്ങി. ബിരുദ പഠനത്തിനിടെ മൾട്ടിപ്പിൾ സിറോസിസ് എന്ന അപൂർവ്വ രോഗം ബാധിച്ച് കാഴ്ചശക്തിയും ചലനശേഷിയും ഭാഗികമായി നഷ്ടമായതിനാൽ 13 വർഷത്തിലധികമായി കിടപ്പിലാണ് സ്വാതി പാലോറൻ. സ്വാതി പാലോറൻ രചിച്ച ‘ഐ ടു ഹാവ് എ സോൾ ‘ എന്ന ഇംഗ്ലീഷ് നോവലിനാണ് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ്റെ ഇക്കൊല്ലത്തെ പി.എൻ പണിക്കർ പുരസ്ക്കാരം ലഭിച്ചിട്ടുള്ളത്.
കൂത്തുപറമ്പ് കായലോട്ടുള്ള സ്വാതി പാലോറൻ്റെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു. തഹസിൽദാർ സുരേഷ് ചന്ദ്രബോസ് നോവലിസ്റ്റിന് പുരസ്ക്കാരം നൽകി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് സ്വാതിയെ പൊന്നാട അണിയിച്ച് ആദരിച്ചു. കൈരളി സേവക് സമാജ് സെക്രട്ടറി അഡ്വ. അജയൻ വടക്കയിൽ പ്രശസ്തിപത്രം സമ്മാനിച്ചു. താവക്കര ഗവ.യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ വി.മണികണ്ഠൻ ഉപഹാരസമർപ്പണം നടത്തി. ചാലക്കര പുരുഷു, സഞ്ജന രാജീവ്, പവിത്രൻ കൊതേരി, രാജലക്ഷ്മി, രേഖ സജയ്, ഷമീൽ ഇഞ്ചിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.