മുഖ്യമന്ത്രി ഉടഞ്ഞ വിഗ്രഹമാണെന്ന് എ.ഐ.സി.സി പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല
കണ്ണൂർ : മുഖ്യമന്ത്രി ഉടഞ്ഞ വിഗ്രഹമാണെന്ന് എ.ഐ.സി.സി പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. എ.ഡി. ജിപി എം. ആർ അജിത്ത് കുമാർ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി കൂടിക്കാഴ്ച്ച നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂർ ഡി സി സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാലു മണിക്കൂർ എ.ഡി.ജി.പി വത്സൻ തില്ലങ്കേരിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിനു മുൻപും ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ആർ.എസ്. എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതെന്തിനെന്ന് വ്യക്തമാക്കണം.ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തലാണോ എ.ഡി.ജി.പിയുടെ ജോലിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി സംഘപരിവാറിൻ്റെ സ്വരത്തിലാണ് സംസാരിക്കുന്നത്. ബി.ജെ.പിക്കായി വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച പിആർഏജൻസി തന്നെയാണ് മുഖ്യമന്ത്രിക്കായും പ്രവർത്തിക്കുന്നത്. കൊവിഡിന് ശേഷം പി.ആർ ഏജൻസി മുഖ്യമന്ത്രിയോടൊപ്പമുണ്ട്. അന്ന് നടത്തിയ വാർത്താ സമ്മേളനങ്ങൾ പി.ആർ ഏജൻസി പറഞ്ഞിട്ടാണ്. നവകേരള സദസും പി ആർ പരിപാടിയായിരുന്നു വെങ്കിലും അതു പൊളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. മലപ്പുറത്തെ മുഴുവൻ ജനങ്ങളെയും അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അദ്ദേഹം ഈ കാര്യത്തിൽ പരസ്യമായി മാപ്പുപറയണം ഉടഞ്ഞ വിഗ്രഹമാണ് മുഖ്യമന്ത്രി. അതിനെ നന്നാക്കാൻ പിആർ ഏജൻസി കൊണ്ടു കഴിയില്ല. നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള പാഴ് വേലയാണ് മുഖ്യമന്ത്രി നടത്തുന്നത് മുഖ്യമന്ത്രിയും ആർ.എസ്. എസും തമ്മിലുള്ള പാലമാണ് എ.ഡി.ജി.പി യെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് അഡ്വ മാർട്ടിൻ ജോർജ്, അഡ്വ ടി.ഒ.മോഹനൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.