തെരുവ് നായ ശല്യത്തിനെതിരായ നാടകത്തിനിടെ നടനെ തെരുവ് നായ കടിച്ചു
കണ്ണൂർ : കണ്ണൂർ കണ്ടക്കൈയിൽ തെരുവ് നായ ശല്യത്തിനെതിരെ നാടകം അവതരിപ്പിക്കുന്നതിനിടെ നടനെ തെരുവ് നായ കടിച്ചു. നാടക നടന് പി. രാധാകൃഷ്ണനാണ് കടിയേറ്റത്. നാടകത്തിന്റെ ഭാഗമാണെന്നാണ് കാണികൾ കരുതിയത്. നാടകം പൂർത്തിയാക്കിയ ശേഷം ചികിത്സ തേടി. നാടകം കളിക്കുന്നതിനിടെ നടനെ സ്റ്റേജിൽ കയറി നായ കടിക്കുകയായിരുന്നു. കണ്ണൂർ കണ്ടക്കൈ സ്വദേശിയും നാടക പ്രവർത്തകനുമായ പി രാധാകൃഷ്ണനാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാലയിൽ നാടകം അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം.
തെരുവുനായ ശല്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവൽ ക്കരണം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി നടനും നാടക വേഷക്കാരനുമായ രാധാകൃഷ്ണൻ ഒരുക്കിയ ഏകപാത്ര നാടകം “പേക്കാലം” ആണ് വേദിയിൽ അവതരിപ്പിച്ചത്. ഏകദേശം 20 മിനിറ്റോളം ദൈർഘ്യമുള്ള തായിരുന്നു ഈ നാടകം. നാടകം ആരംഭിച്ച് കുറച്ച് മിനിറ്റുകൾ മാത്രം കഴിഞ്ഞപ്പോൾ, അപ്രതീക്ഷിതമായി കറുത്ത നിറത്തിലുള്ളൊരു നായ പുറത്ത് നിന്നും കുരച്ച് കൊണ്ട് ഓടി സ്റ്റേജിലേക്ക് കയറി രാധാകൃഷ്ണൻ്റെ വലതു കാലിന് പിന്നിൽ കടിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. ആ സമയം നാടകത്തിൽ കുട്ടികൾക്ക് നേരെ തെരുവുനായകളുടെ ആക്രമണം കാണിക്കുന്ന ഒരു രംഗം പശ്ചാത്തല ശബ്ദങ്ങളായി നടന്നു കൊണ്ടിരിക്കുക യായിരുന്നു. “കുട്ടി തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്ന രംഗമാണ് ശബ്ദ പശ്ചാത്തലത്തിൽ ഉപയോഗിച്ചിരുന്നത്, ഈ സമയത്താണ് നായയുടെ ആക്രമണം ഉണ്ടായത്” എന്ന് രാധാകൃഷ്ണൻ പറഞ്ഞു.