ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഒരുക്കുന്ന ഓണം ഫെയറിന് ജില്ലയിൽ തുടക്കമായി
കണ്ണൂർ : ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഒരുക്കുന്ന ഓണം ഫെയറിന് ജില്ലയിൽ തുടക്കമായി. പതിമൂന്നിനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും സബ്സിഡിയിതര സാധനങ്ങൾ മിതമായ നിരക്കിലും മറ്റ് നിത്യോപയോഗ സാധനങ്ങൾ എംആർപി വിലയിൽനിന്ന് അഞ്ചു മുതൽ 50 ശതമാനം വിലക്കുറവിലും സപ്ലൈകോ ഓണം ഫെയറിൽ ലഭിക്കും. ശബരി സബ്സിഡി വെളിച്ചെണ്ണ ഒരുലിറ്റർ 339 രൂപക്ക് ലഭിക്കും. ചെറുപയർ, ഉഴുന്ന് എന്നിവ കിലോയ്ക്ക് 90 രൂപയ്ക്കും പഞ്ചസാര 34.94 രൂപയ്ക്കും ജയ, കുറുവ, മാവേലി മട്ട അരി 33 രൂപ നിരക്കിലും ഇവിടെ ലഭ്യമാണ്. കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിവയ്ക്കും വൻ വിലക്കുറവാണ്.
ഓണക്കാലത്തെ എട്ട് കിലോ സബിസിഡി അരിക്കുപുറമെ കാർഡ് ഒന്നിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കും. ഇതിനുപുറമെ സെപ്തംബർ മാസത്തെ ഉൽപന്നങ്ങൾ മുൻകൂറായും വാങ്ങാം. ഓണക്കാലത്ത് സപ്ലൈകോ വിൽപന ശാലകളിൽ 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉൽപന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും 10 മുതൽ 50 ശതമാനംവരെ വിലക്കുറവുമുണ്ട്. ഹിന്ദുസ്ഥാൻ യൂണിലിവർ, കിച്ചൻ ട്രഷേഴ്സ്, ഐടിസി, ജ്യോതിലാബ് തുടങ്ങിയ മുൻനിര കമ്പനികളുടെ ഉൽപന്നങ്ങൾക്കാണ് ഓഫർ. സോപ്പ്, ഡിറ്റർജന്റുകൾ, ബ്രാൻഡഡ് ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ എന്നിവയ്ക്കും ഓഫറുണ്ട്. ഗിഫ്റ്റ് കാർഡുകളും 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും തയ്യാറാണ്. ഇതുപയോഗിച്ച് സപ്ലൈകോ വിൽപനശാലകളിൽനിന്ന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31വരെ വാങ്ങാം.
500 രൂപയുടെ മുകളിൽ സബ്സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് സമ്മാനക്കൂപ്പൺ ലഭിക്കും. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ വിജയികൾക്ക് ശബരി കുട/ വാട്ടർബോട്ടിൽ എന്നിവ സമ്മാനമായി ലഭിക്കും. സപ്ലൈകോ ചില്ലറ വിൽപന ശാലകളിൽനിന്നും ഈ കാലയളവിനു ള്ളിൽ 1000 രൂപയ്ക്ക് മുകളിൽ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് പ്രതിദിന കൂപ്പണുകൾക്കൊപ്പം ജില്ലാതല സമ്മാനപദ്ധതി പ്രകാരമുള്ള കൂപ്പണുകളും ലഭിക്കും. മിനി സമൃദ്ധി കിറ്റ്, ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയോ ടൊപ്പം ശേഷിക്കുന്ന മൂല്യത്തിന് ഉൽപന്നങ്ങൾ വാങ്ങിയാലും ഈ കൂപ്പൺ നേടാം. ലക്കിഡ്രോയിലൂടെ വിജയികളാകുന്ന ഒരാൾക്ക് ഒരു പവന്റെ സ്വർണ നാണയം, രണ്ടുപേർക്ക് ലാപ്ടോപ്, മൂന്നുപേർക്ക് സ്മാർട്ട് ടി വി തുടങ്ങിയ സമ്മാനങ്ങളും സപ്ലൈകോ നൽകുന്നുണ്ട്. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് വിൽപന. സപ്ലൈകോ ഓണം ഫെയർ സെപ്റ്റംബർ നാലിന് അവസാനിക്കും. സഞ്ചരിക്കുന്ന ഓണം ഫെയർ ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലൂടെയും ഓണം ഫെയർ മൊബൈൽ വാഹനം ഓടും.
സെപ്തംബർ നാലുവരെ രാവിലെ 10 മുതൽ ഓരോ മണ്ഡലത്തിലെയും വിവിധ പ്രദേശങ്ങളിൽ വിൽപന നടത്തും. സപ്ലൈകോ കേന്ദ്രങ്ങളിൽ ലഭിക്കുന്ന മുഴുവൻ സാധനങ്ങളും സബ്സിഡിയിലും അല്ലാതെയും ഈ വാഹനത്തിൽനിന്ന് ലഭിക്കും. കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ജില്ലാതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായി. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് ബാബു എളയാവൂർ ആദ്യവിൽപ്പന നടത്തി. കണ്ണൂർ സ്വദേശി മുകുന്ദൻ സപ്ലൈകോ കിറ്റ് ഏറ്റുവാങ്ങി. സപ്ലൈകോ കണ്ണൂർ ഡിപ്പോ മാനേജർ എം കെ ദ്വിജ, കോഴിക്കോട് അസി. മേഖലാ മാനേജർ ടി സി അനൂപ്, ഇ കെ പ്രകാശൻ, എം സുനിൽ കുമാർ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.