കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച കണ്ണൂർ കുറുവ സ്വദേശിയായ കെ.അനീഷ് കുമാറിന് നാടിൻ്റെ അന്ത്യാജ്ഞലി
കണ്ണൂർ : കുവൈറ്റ് സിറ്റിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കണ്ണൂർ കുറുവ സ്വദേശിയായ ഉണ്ണാങ്കണ്ടി വിട്ടിൽ കെ. അനീഷ് കുമാറിന് നാടിൻ്റെ അന്ത്യാജ്ഞലി. ശനിയാഴ്ച്ച രാവിലെ എട്ടു മണി മുതൽ 10 മണി വരെ കുറുവ കരാറിനകം സഹകരണ ബാങ്ക് പരിസരത്ത് പൊതുദർശനത്തിന് വെച്ചശേഷം വീട്ടിലെത്തിച്ച് പതിനൊന്നരയോടെ പയ്യാമ്പലത്ത് സംസ്കരിച്ചു. അനീഷിന് വിടനൽകാൻ നൂറുകണക്കിനാളുകളാണ് എത്തിയത്.
വെള്ളിയാഴ്ച്ച വൈകുന്നേരം കണ്ണൂരിലെത്തിച്ച മൃതദേഹം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ സൂക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് അനീഷിൻ്റെ മരണവാർത്ത കുടുംബാംഗങ്ങളെ തേടിയെത്തിയത്. 25 വർഷത്തിലേറെയായി അനിഷ് പ്രവാസിയായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചതായിരുന്നു. കഴിഞ്ഞ മാസം 16നാണ് അനീഷ് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങി യത്. മംഗഫിൽ സുപ്പർ മാർക്കറ്റിൽ സുപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന അനീഷ് ഒരാഴ്ച്ച മുൻപാണ് പുതിയ സ്ഥാപനത്തിലേക്ക് മാറിയത്. കരാറിനകം ബാങ്ക് പരിസരത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി കലക്ടർ അരുൺ കെ വിജയൻ പുഷ്പചക്രമർപ്പിച്ചു. കെ.സുധാകരൻ എം.പി, കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പുഷ്പചക്രമർപ്പിച്ചു.