മയ്യിൽ പെരുമാച്ചേരി പൊയ്യൂർ റോഡിൻ്റെ വശങ്ങളിൽ രൂപപ്പെട്ട വൻഗർത്തം അപകടഭീഷണി ഉയർത്തുന്നു
കണ്ണൂർ : മയ്യിൽ പെരുമാച്ചേരി – പൊയ്യൂർ റോഡിൻ്റെ വശങ്ങളിൽ രൂപപ്പെട്ട വൻഗർത്തം അപകടഭീഷണി ഉയർത്തുന്നതായി നാട്ടുകാർ. കനത്തമഴയെ തുടർന്ന് ജലനിധിക്കായി പൈപ്പിട്ട മണ്ണ് ഒലിച്ചുപോയതാണ് ഗർത്തമായി മാറിയത്. മയ്യിൽ ഗ്രാമപഞ്ചായത്തിലെ പെരുമാച്ചേരി സ്കൂളിനു സമീപത്തെ പൊയ്യൂർ റോഡിലാണ് വളരെ ദൂരത്തോളം രൂപപ്പെട്ട വൻകുഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും വൻബുദ്ധിമുട്ടായി മാറിയിരിക്കുന്നത്. ഏതാനും മാസം മുമ്പ് ജലജീവൻ മിഷൻ പദ്ധതിക്കായി പൈപ്പ് സ്ഥാപിച്ചിരുന്നു. മഴവെള്ളം കുത്തിഒഴുക്കിയതാണ് ഈകുഴി രൂപപ്പെട്ടത്.
അങ്കണവാടി, സ്കൂൾ പരിസരത്ത് രൂപപ്പെട്ട ഗർത്തംമൂലം കുട്ടികൾക്ക് സുരക്ഷിതമായ യാത്രചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലാണ്. വാഹനയാത്രികർക്കും കാൽനടയാത്രികർക്കും ഏറെ ബുദ്ധിമുട്ടാണ് ഇത് മൂലം ഉണ്ടായിരിക്കുന്നത്. മഴവെള്ളം ഒഴുകി പോവാൻ ഓവുചാൽ നിർമ്മിച്ച് അവ സ്ലാബിട്ട് വച്ചാൽ മാത്രമെ ഈ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ. മണ്ണ് ഒഴുകി പെരുമാച്ചേരി ചെക്കിക്കുളം പ്രധാനറോഡും ചളിക്കുളമായി. പഞ്ചായത്ത് അധികൃതർ ഉടൻ വിഷയത്തിൽ ഇടപ്പെട്ട് പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.