മുഴപ്പാല വയലിൽ ആമേരി പ്രകാശനും കുടുംബവും നടത്തിയ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് നടന്നു
കണ്ണൂർ : കൃഷി സമൃദ്ധി 2024-25 വെജിറ്റബിൾ ഡവലപ്മെൻറ് പ്രോഗ്രാമിൻ്റെ നേതൃത്വത്തിൽ മുഴപ്പാല വയലിൽ ആമേരി പ്രകാശനും കുടുംബവും നടത്തിയ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് നടന്നു. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷൻ വിളവെടുപ്പ് ഉദ്ഘാടനം നടത്തി. പഞ്ചായത്ത് മെമ്പർ വി. വത്സല അധ്യക്ഷത വഹിച്ചു.തലശ്ശേരിയിൽ നിന്നും കൊണ്ടുവന്ന വിത്ത് ഉപയോഗിച്ചാണ് വീടിൻ്റെ മുന്നിലുള്ള ഒരേക്കർ സ്ഥലത്ത് കൃഷി നടത്തിയതെന്നും കഴിഞ്ഞ വർഷം നടത്തിയ കൃഷിയിൽ നിന്നുള്ള പരിജ്ഞാനം മുൻനിർത്തിയാണ് ഈ വർഷവും കൃഷി നടത്തിയതെന്നും പത്ത് ക്വിൻ്റൽ വിളവാണ് പ്രതീക്ഷിക്കുന്ന തെന്നും പ്രകാശൻ പറഞ്ഞു. തണ്ണിമത്തൻ കൂടാതെ വെണ്ട, പയർ, താലോരി, പടവലം, ചീര, കുംബളം തുടങ്ങി കൃഷികളും പെയിൻറിംഗ് തൊഴിലാളിയായ പ്രകാശൻ ചെയ്തു വരുന്നു. ഭാര്യ രജനിയും, മകൻ പ്രനിലിൻ്റെ ഭാര്യ അനഘയും കൃഷിയിൽ പ്രകാശന് കൂട്ടായി ഉണ്ടായിരുന്നു. എ. അനഘ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വിഷ്ണു എസ് നായർ, അഞ്ചരക്കണ്ടി കൃഷി ഓഫീസർ ഡീന സെബാസ്റ്റ്യൻ, വി.പ്രേമരാജൻ, എം.വി. ശ്രീജിത്ത്, ബി. മധു, സി.പി.പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു