ദേശീയപാത നിർമാണത്തിനായി ആഴത്തിലുള്ള കുഴിയെടുത്ത ആറ്റടപ്പ മുട്ടോളംപാറയിൽ വീട് ഇടിഞ്ഞ് താഴ്ന്നു
മുണ്ടേരി : ദേശീയപാത നിർമാണത്തിനായി ആഴത്തിലുള്ള കുഴിയെടുത്ത ആറ്റടപ്പ മുട്ടോളംപാറയിൽ വീട് ഇടിഞ്ഞ് താഴ്ന്നു. മുട്ടോളം പാറ മഞ്ജിമ നിവാസില്‍ ഷൈനു ഷീബ സഹോദരങ്ങളുടെ വീടാണ് 16 മീറ്ററോളം താഴേക്ക് ഇടിഞ്ഞത്. അപകടസമയത്ത് വീട്ടിലും ദേശീയപാത പ്രവൃത്തി നടത്തുന്നയിടത്തും ആരുമില്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
ദേശീയപാത നിർമാണത്തിനായി താഴെചൊവ്വ ആറ്റടപ്പ റോഡില്‍ സമീപം ആഴത്തില്‍ കുഴിയെടുത്തിരുന്നു. അപകട ഭീഷണിയെ തുടർന്ന് ഷൈനുവും സഹോദരി ഷീബയും മക്കളും ഒരാഴ്ച മുൻപാണ് ചാലയിലെ വാടക വീട്ടിലേക്ക് താമസം മാറിയത്. അപകട സമയത്തിന് തൊട്ടു മുൻപാണ് വീട്ടുസാധനങ്ങൾ വണ്ടിയിൽ കയറ്റി പോയത്. സമീപത്തെ വീട്ടുമതിലും രണ്ട് 33 കെ വി വൈദ്യുത തുണുകളും കൂറ്റൻ പാറകൾക്കൊപ്പം ഇടിഞ്ഞുതാഴ്ന്നു. ദുരന്തസ്ഥലം ദേശീയപാത അതോറിറ്റി അധികൃതരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.