കണ്ണൂർ കെ എസ്.യു സിറ്റി പൊലിസ് കമ്മിഷണർ ഓഫീസ് മാർച്ചിൽ വ്യാപക സംഘർഷം
കണ്ണൂർ : കണ്ണൂർ തോട്ടട ഐടിഐയിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തിൽ പ്രതിഷേധിച്ചു കെ എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിൻ്റെ നേതൃത്വത്തിൽ നടന്ന സിറ്റി പൊലിസ് കമ്മിഷണർ ഓഫീസ് മാർച്ചിൽ വ്യാപക സംഘർഷം. ബാരിക്കേഡിന് മുകളിൽ കയറിയും അടിഭാഗം ഉയർത്താൻ ശ്രമിക്കുകയും ചെയ്ത പ്രവർത്തകർക്ക് നേരെ ജലപീരങ്കി പലവട്ടം പ്രയോഗിച്ചു. വരുൺ ജലപീരങ്കിക്ക് നേരെയും ബാരിക്കേഡിന് മറുപുറം നിന്ന പൊലിസുകാർക്കെതിരെയും പൈപ്പും കൊടി കെട്ടിയ പൈപ്പും വലിച്ചെറിഞ്ഞു. ഇതിനു ശേഷം പൊലിസ് ക്ളബ്ബിന് മുൻപിലെ വാഹനഗതാഗതം ഉപരോധിച്ചതിന് ശേഷമാണ് പ്രവർത്തകർ പൊലിസിനെതിരെ മുദ്രാവാക്യം വിളികളുമായി മടങ്ങിയത്.
തോട്ടട ഐ.ടി.ഐയിലെഅക്രമത്തിന് നേതൃത്വം കൊടുത്ത മുഴുവൻ എസ് എഫ് ഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരമാണ് പ്രവർത്തകർ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. കണ്ണൂർ ഡി.സി സി ഓഫീസിൽ നിന്നും തുടങ്ങിയ പമാർച്ച് കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനു മുൻപിൽ നിന്നും ബാരിക്കേഡ് ഉയർത്തി പൊലിസ് തടയുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡണ്ടുമാരായ പി മുഹമ്മദ് ഷമ്മാസ്, ആൻസെബാസ്റ്റ്യൻ,കെ എസ് യു ജില്ലാ പ്രസിഡണ്ടുമാരായ എം സി അതുൽ, അൻഷിദ് വി കെ, സൂരജ് വി ടി ,സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, അർജുൻ കറ്റയാട്ട്, ആസിഫ് മുഹമ്മദ്, മിവ ജോളി, റനീഫ്, ആദർശ് മാങ്ങാട്ടിടം, ആകാശ് ഭാസ്കർ തുടങ്ങിയവർ നേതൃത്വം നൽകി.
മാർച്ചിനെ നേരിടാൻ വളപട്ടണം എഎസ്പി ബി കാർത്തികിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്. ടൗൺ പോലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് കെട്ടി മാർച്ച് തടഞ്ഞു ഇതേ തുടർന്ന് ഉദ്ഘാടനത്തിന് ശേഷം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗവും ബലപ്രയോഗവും നടന്നത്. തോട്ടട ഐ.ടി.ഐയിൽ കെ.എസ്.യു നേതാക്കളെയും പ്രവർത്തകരെയും മർദ്ദിച്ചവർക്കെതിരെ നടപടിയെടുക്കാത്ത ഭരിക്കുന്നവർക്ക് ഒത്താശ ചെയ്യുന്ന പൊലിസിനെതിരെ പ്രതിഷേധം ഇനിയും ശക്തമാക്കുമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു