സതീശൻ പാച്ചേനി അനുസ്മരണത്തിൻ്റെ ഭാഗമായി ഉയർത്തിയ കോൺഗ്രസ് പതാക നശിപ്പിച്ചു
തളിപ്പറമ്പ് : മുൻ ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനിയുടെ രണ്ടാം ചരമ വാർഷികദിനത്തിൽ വെള്ളാവിൽ ഞായറാഴ്ച്ച ഉയർത്തിയ കോൺഗ്രസ് കൊടിയും കൊടി മരവും സി.പി.എം പ്രവർത്തകർ നശിപ്പിച്ചതായി പരാതി. ഞായറാഴ്ച്ച വെള്ളാവിൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരവും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോൺഗ്രസ് പതാക ഉയർത്തുകയും ചെയ്തു. ഞായറാഴ്ച്ച രാത്രിയാണ് കൊടിയും കൊടി മരവും എടുത്തു കൊണ്ടു പോയത്. തുടർന്ന് കോൺഗ്രസ് തളിപറമ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറി രാജീവൻ വെള്ളാവ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.
കൊടിയും കൊടിമരവും പിഴുതെടുത്ത സ്ഥലത്ത് തന്നെ തിങ്കളാഴ്ച്ച വീണ്ടും കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്തിൽ പതാക ഉയർത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജനാർദ്ധനൻ ഉദ്ഘാടനം ചെയ്തു. രാജീവൻ വെള്ളാവ് അധ്യക്ഷത വഹിച്ചു. ഡി സി.സി ജനറൽ സെക്രട്ടറി ഇ.ടി രാജീവൻ മുഖ്യ പ്രഭാഷണം നടത്തി. പി.വി സജീവൻ, ഇ.വിജയൻ മാസ്റ്റർ, പി.സുഖദേവൻ മാസ്റ്റർ, പി.വി. നാരായണൻ കുട്ടി, കെ. ബാലൻ കൃഷ്ണൻ, പി.രാമറകുട്ടി, വി.വി രവീന്ദ്ര നാഥ് എന്നിവർ സംസാരിച്ചു.