പയ്യന്നൂര്‍ രാമന്തളി കുരിശുമുക്ക് വാഹനാപകടത്തില്‍ മരണം മൂന്നായി
പയ്യന്നൂര്‍ : പയ്യന്നൂര്‍ രാമന്തളി കുരിശുമുക്ക് വാഹനാപകടത്തില്‍ മരണം മൂന്നായി. രാമന്തളി സ്വദേശിനി ശ്രീലേഖയാണ് മംഗ്ളൂറിലെ എജെ ആശുപത്രിയില്‍വെച്ച് ചികിത്സയ്ക്കിടെ തിങ്കളാഴ്ച വൈകിട്ട് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ പരിയാരത്തുനിന്നും മംഗ്ളൂറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. തൊഴിലുറപ്പ് തൊഴിലാളികളായ കല്ലേറ്റുംകടവിലെ പി വി ശോഭ (53), ടി വി യശോദ (68) എന്നിവരാണ് ആദ്യം മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. രാമന്തളി പഞ്ചായത് 5-ാം വാര്‍ഡിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. 20 പേരടങ്ങിയ തൊഴിലാളികളുടെ സംഘത്തില്‍ നിന്നും മൂന്ന് പേര് കുരിശുമുക്കില്‍ നിന്നും രാമന്തളി റോഡില്‍ കഴിഞ്ഞ ദിവസം ബാക്കിയായ പണി തീര്‍ക്കാന്‍ പോകവെയായിരുന്നു അപകടം. കുരിശുമുക്ക്- ഏഴിമല ടോപ് റോഡില്‍ നിന്നും ഇറങ്ങി രാമന്തളി ഭാഗത്തേക്ക് ജില്ലിപൊടിയുമായി പോവുകയായിരുന്ന ഗുഡ്സ് വാഹനമാണ് നിയന്ത്രണം വിട്ട് മൂവരെയും ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞത്. ശോഭ സംഭവസ്ഥലത്തുവെച്ചും യശോദ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.