വിഷു മഹോത്സവത്തിന് കൊടിയേറി; തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിൽ വിഷു മഹോത്സവം ആരംഭിച്ചു
കണ്ണൂർ : തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിൽ വിഷു മഹോത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി കുന്നത്തൂര് അമ്പിഴപ്പിള്ളിമന ശ്രീകുമാരൻ ഭട്ടത്തിരിപ്പാട് ഞായർ രാത്രി കൊടിയേറ്റിയതോടെയാണ് ഒഴാഴ്ച നീളുന്ന ഉത്സവം തുടങ്ങിയത്. സദനം അശ്വിൻ മുരളിയും സംഘവും നയിച്ച തായമ്പകയുമുണ്ടായി. തിങ്കൾ പുലർച്ചെ മൂന്നുമുതൽ വിഷുക്കണിയും അഞ്ചുമുതൽ സോപാനസംഗീതവും. വൈകിട്ട് നാലിന് കരിവെള്ളൂർ ടി വി രത്നകുമാറും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളലും 5.30ന് കാർത്തിക അഭിലാഷ്, ഭദ്ര അഭിലാഷ്, മേധ മനോഹർ, കൃഷ്ണപ്രിയ എന്നിവരുടെ നൃത്തവും. ആറിന് പഞ്ചാരിമേളത്തോടെ യുള്ള ഉത്സവ എഴുന്നള്ളത്ത്. തുടർന്ന് ഭജനയും ദേവിക തിലകും സംഘവും അവതരിപ്പിക്കുന്ന നൃത്തവും. 17 വരെ ദിവസവും വൈകിട്ട് നാലിന് ഓട്ടൻതുള്ളലും 5.30ന് നൃത്തവും ആറിന് ഉത്സവ എഴുന്നള്ളത്തും വിവിധ കലാപരിപാടി കളുമുണ്ടാവും. 18ന് രാവിലെ ചാക്യാർകൂത്ത്, വൈകിട്ട് 3.30ന് ഓട്ടൻതുള്ളൽ, അഞ്ചിന് പൊന്ന്യം കൊട്ടാരം വൈരിഘാതകൻ ഭഗവതിക്ഷേത്രത്തിൽ നിന്ന് അടിയറവരവ് എന്നിവയുണ്ടാവും. വൈകിട്ട് ആറിന് പഞ്ചവാദ്യത്തൊടെയുള്ള എഴുന്നള്ളത്തിന് 7 ആനകൾ അണിനിരക്കും. രാത്രി ഗംഗ ശശിധരൻ അവതരിപ്പിക്കുന്ന വയലിൽ കച്ചേരി. 19ന് വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന എഴുന്നള്ളത്തിന് ഏഴ് ആനയും 75 വാദ്യകലാകാരന്മാർ അണിനിരക്കുന്ന മേജർ സെറ്റ് പഞ്ചാരിമേളവും അകമ്പടിയാവും. രാത്രി 10 മുതൽ മോതിരംവെച്ചുതൊഴലും 11.30ന് പള്ളിവേട്ടയും. 20ന് രാവിലെ 10ന് ആറാട്ട് എഴുന്നള്ളത്തോടെ ഉത്സവത്തിന് കൊടിയിറങ്ങും.