സമ്പൂർണ കുടിവെള്ള മണ്ഡലമായി കല്യാശ്ശേരി
കണ്ണൂർ : കല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി വിഭാവനം ചെയ്ത ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ സമ്പൂർണ കുടിവെള്ള മണ്ഡലമെന്ന നേട്ടം കല്യാശേരി മണ്ഡലം കൈവരിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. മണ്ഡലത്തിലെ കല്യാശേരി, കണ്ണപുരം, ചെറുകുന്ന്, പട്ടുവം, മാടായി, മാട്ടൂൽ, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി – പാണപ്പുഴ എന്നീ 10 പഞ്ചായത്തുകളിൽ 43369 കണക്ഷൻ നൽകുന്നതിന് ലക്ഷ്യമാക്കി തുടങ്ങിയ പദ്ധതിയിൽ 44620 ഗാർഹിക കണക്ഷനുകൾ ഇതുവരെ നൽകി. ഇതിനായി സംസ്ഥാന സർക്കാർ 184 കോടി രൂപയാണ് അനുവദിച്ചത്. നേരിട്ട് വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായി 455 കി.മീറ്റർ പുതിയ പൈപ്പ് ലൈനാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്.
അതോടൊപ്പം ചെറുതാഴം കുഞ്ഞിമംഗലം കുടിവെള്ള പദ്ധതിക്ക് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 45 കോടിയും അനുവദിച്ചു. ഇതിന്റെ ഭാഗമായി എട്ടാട്ട്, ശ്രീസ്ഥ, പടിക്കപ്പാറ എന്നിവിടങ്ങളിൽ പുതിയ ജലസംഭരണികൾ നിർമ്മിച്ചു. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കല്യാശേരി പഞ്ചായത്തിൽ 38 കി.മി. പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുകയും 6436 പേർക്ക് കുടിവെള്ള കണക്ഷനും നൽകി. ചെറുകുന്നിൽ 12.5 കി.മീ ലൈനും 1954 പേർക്കും, കണ്ണപുരം 8 കി.മീ പൈപ്പ് ലൈനും 3131 പേർക്ക് കണക്ഷനും, മാട്ടൂൽ 24.5 കി.മി. പൈപ്പ് ലൈൻ സ്ഥാപിക്കുക യും 5387 പേർക്ക് കണക്ഷനും നൽകി.
ഏഴോത്ത് 22.50 കി.മി പൈപ്പ് ലൈനും 2931 പേർക്ക് കണക്ഷനും, കടന്നപ്പള്ളി – പാണപ്പുഴ 29 കി.മി പൈപ്പ് ലൈൻ സ്ഥാപിക്കുകയും 3749 പേർക്ക് കണക്ഷനും പട്ടുവം 10 കി.മീ ലൈനും 2050 കണക്ഷനും, മാടായി യിൽ 88 കി.മീ റും 6241 കണക്ഷനും, ചെറുതാഴം 173 കി.മീ പൈപ്പ് ലൈൻ സ്ഥാപിക്കുകയും 8351 പേർക്ക് കുടിവെള്ള കണക്ഷനും കുഞ്ഞിമംഗലത്ത് 107 കി.മീ റും 4390 പേർക്ക് കണക്ഷനും ഉൾപ്പടെ 44620 ഗാർഹിക കുടിവെള്ള കണക്ഷനുകളാണ് നൽകിയത്. മുഴുവൻ വീടുകളിലും കുടിവെള്ളം നേരിട്ട് എത്തുന്നത് കൊണ്ടു തന്നെ കഴിഞ്ഞ വേനൽ കാലത്ത് ഒരു മേഖലയിലും ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. കല്യാശേരി മണ്ഡലം സമ്പൂർണ കുടിവെള്ള പദ്ധതി 100 % പൂർത്തികരിച്ചതിന്റെ ഹർ ഘർ ജൽ പ്രഖ്യാപനം വൈകാതെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ സാനിദ്ധ്യത്തിൽ ഉണ്ടാകുമെന്നും എം വിജിൻ എം എൽ എ അറിയിച്ചു.