ക്ഷേത്രങ്ങളിൽ ഹിന്ദു ധർമ്മം പഠിപ്പിക്കാനുള്ള വേദി ഒരുക്കണം; ഡോ. ടി പി സെൻകുമാർ
തളിപ്പറമ്പ : വളർന്നുവരുന്ന കുട്ടികളെ ഹിന്ദു ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സൗകര്യം ഒരുക്കണമെന്ന് മുൻ ഡി ജി പി യും ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരിയുമായ ഡോ ടി പി സെൻകുമാർ പറഞ്ഞു. പട്ടുവം ചെറിയാ റമ്പ് നരസിംഹമൂർത്തി ക്ഷേത്ര ഉത്സവ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായി രുന്നു അദ്ദേഹം. മറ്റു മതങ്ങളെ അപേക്ഷിച്ച് ഹിന്ദു ജനസംഖ്യ അനുദിനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തിൽ ഒരു കുടുംബത്തിൽ മൂന്ന് കുട്ടികളെങ്കിലും സനാതന ധർമ്മം പഠിച്ച് വളരണമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഹിന്ദു നവോത്ഥാനം രാജ്യത്ത് ആരംഭിച്ച തായും ഇരുട്ടുമൂടിയ പ്രദേശങ്ങളിൽ പ്രകാശം ജ്വലിക്കാൻ തുടങ്ങിയതായും സെൻകുമാർ പറഞ്ഞു. ചെറിയാറമ്പ് അമ്പലം ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് എം ഗംഗാധരൻ അധ്യക്ഷത വഹിച്ചു.ബാല ചലച്ചിത്ര താരം ദേവനന്ദ പ്രസംഗിച്ചു. സെൻകുമാറിനെ ക്ഷേത്ര ആഘോഷ പ്രമുഖ് കെ നിതിനും ദേവനന്ദയെ മാതൃസമിതി പ്രസിഡണ്ട് ശാരദയും പൊന്നാട അണിയിച്ചു. കെ നിതിൻ സ്വാഗതവും ടി പി ഗംഗാധരൻ നന്ദിയും പറഞ്ഞു. കണ്ണൂർ റിഥം ഓർക്കസ്ട്രയുടെ സംഗീതവിരുന്നും ഉണ്ടായിരുന്നു. നാടൻ പാട്ടുകാരി പ്രസീദ ചാലക്കുടിയും സിനിമ പിന്നണിഗായിക പ്രിയ ബൈജുവും നേതൃത്വം നൽകി.