ചരിത്രം തിരുത്തി തലശേരി കോടതി; കൊലപാതകകേസിൽ ഓൺലൈൻ വിചാരണ യാഥാർത്ഥ്യമായി
തലശേരി : ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള തലശേരി കോടതി ചരിത്രം തിരുത്തി കൊണ്ടു ആധുനികവഴികളിലേക്ക് ചുവടുവെച്ചു. ഹൈടെക് വിചാരണയ്ക്കാണ് തലശേരി കോടതിയിൽ തുടക്കമായത്. ഓൺ ലൈൻ വിചാരണയാണ് ചരിത്രത്തിലാദ്യമായി തലശേരി കോടതിയിൽ കഴിഞ്ഞ ദിവസം നടന്നത്. കൊലപാതക കേസിലെ തിരുവനന്തപുരത്തുളള പ്രൊസിക്യുഷൻ സാക്ഷിയെയാണ് കഴിഞ്ഞ ദിവസം കോടതി കൺലൈനായി വിസ്തരിച്ചത്. കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ശുചിമുറി ജീവനക്കാരനമായ തിരുവനന്തപുരം സുനിൽ കുമാറിനെ തോർത്തിൽ ഇളനീർ കെട്ടി അടിച്ചു കൊന്ന കേസിലാണ് ഓൺലൈൻ വിസ്താരം നടത്തിയത്.
കേസിലെ ഇരുപത്തിയഞ്ചാം സാക്ഷി തിരുവനന്തപുരം ഫോറൻസിക് ലാബിലെ അസിസ്റ്റൻ്റ് ഡയറക്ടർ അനു ചന്ദ്രയെയാണ് ഓൺലൈനായി വിസ്തരിച്ചത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ജില്ലാ ജഡ്ജിയുടെ അനുമതിയോടെ ഡിസ്ട്രിക്ക് ഗവ. പ്ളീഡർ അഡ്വ. കെ കെ അജിത് കുമാറാണ് ഓൺ ലൈനായി വിസ്താരവും തുടർന്ന് പ്രതിഭാഗം അഭിഭാഷകൻ ക്രോസും നടത്തിയത്. പ്രൊസിക്യൂട്ടറും സാക്ഷിയും ലാപ്ടോപ്പ് വഴിയും ജഡ്ജ് കോടതിയിൽ സ്ഥാപിച്ച സ്ക്രീൻ വഴിയാണ് വിചാരണയിൽ പങ്കെടുത്തത്. സംഭവ സമയത്ത് കണ്ണൂർ ഫോറൻസിക് ലാബിലെ സയൻ്റിഫിക്ക് അസിസ്റ്റൻ്റായിരുന്നു അനുചന്ദ്ര കണ്ണൂർ സ്വദേശിയായ ഹരിഹരൻ, മംഗ്ളൂര് സ്വദേശിയായ അഷ്റഫ് എന്ന അബ്ദുള്ള എന്നിവരാണ് കേസിലെ പ്രതികൾ. കെഎസ്ആർടിസി ബസ് സ്റ്റാർഡിലെ ശുചിമുറി നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.