പഴയങ്ങാടി ചെങ്ങൽ റോഡിൽ മലിനജലം കെട്ടിക്കിടക്കുന്നത് പത്തോളം കുടുംബങ്ങൾക്ക് ദുരിതമാകുന്നു
പഴയങ്ങാടി : പഴയങ്ങാടി ചെങ്ങൽ റോഡിൽ മലിനജലം കെട്ടിക്കിടക്കുന്നത് പത്തോളം കുടുംബങ്ങൾക്ക് ദുരിതമാകുന്നു. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പഴയങ്ങാടിയിൽ നിന്ന് ചെങ്ങലിലേക്ക് പോകുന്ന റോഡിൽ ഡ്രൈവിംഗ് സ്കൂളിലെ പഠിതാക്കൾ പരിശീലനം നടത്തുന്ന ഗ്രൗണ്ടിന് മുൻവശത്തായിട്ടാണ് മലിനജലവും മാലിന്യവും കെട്ടിക്കിടക്കുന്നത്. ഇത് സമീപത്തെ വീട്ടുകാർക്ക് ദുരിതമാവുകയാണ്. മലിന ജലത്തിൽ നിന്നുള്ള ദുർഗന്ധം വീട്ടുകാർക്ക് ഭക്ഷണം കഴിക്കുന്നതിന് പോലും തടസ്സം സൃഷ്ടിക്കുകയാണ്. പ്രദേശം പകർച്ചവ്യാധി ഭീഷണിയിലാണ്. മലിനജലം കിടക്കുന്ന പ്രദേശമാകെ ദുർഗന്ധം കാരണം വഴിയാത്രക്കാർക്ക് പോലും നടന്നു പോകുന്നതിന് പ്രയാസം ഉണ്ടാക്കുന്നുണ്ട്. പ്രശ്നത്തിന് അടിയന്തിര പരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.