ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് മാലിന്യം പിടിച്ചു
കണ്ണൂർ : തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഒരു ടണ്ണോളം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തു.
കണ്ണൂർ മാർക്കറ്റിലെ ഗോപാൽ സ്ട്രീറ്റ് റോഡിൽ ടി കെ സുലൈമാൻ ആൻ്റ് സൺസ് എന്ന മൊത്തവ്യാപാര സ്ഥാപനത്തിൻ്റെ ഗോഡൗണിൽ നിന്നാണ് വിവിധ അളവിലും കനത്തിലുമുള്ള ഒരു ടണ്ണോളം വരുന്ന നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തത്.മുൻപ് ഇതേ സ്ഥാപനത്തിൽ പരിശോധന നടത്തി പ്ളാസ്റ്റിക് കപ്പ് തുടങ്ങിയ നിരോധിത ഉൽപ്പന്നങ്ങൾ സ്ക്വാഡ് പിടിച്ചെടുത്തിരുന്നു. ഒരേ സ്ഥാപനത്തിൽ നിന്ന് രണ്ടാമതും നിരോധിത വസ്തുക്കൾ പിടികൂടി യതുകൊണ്ട് 25000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ണൂർ കോർപറേഷന് നിർദ്ദേശം നൽകി.
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണവകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് പറവൂരിലെ എം എം ന്യൂ ഫാം ഉടമക്ക് 10000 രൂപയും, ജൈവ അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി കല്ലുവെട്ട് കുഴിയിൽ നിക്ഷേപിച്ച് മണ്ണിട്ടു മൂടിയതിനും മലിന ജലം ഒഴുക്കിവിട്ടതിനും നിരപ്പേൽ ഫാം ഉടമ എം.എം അനിൽ കുമാറിന് ഇരുപതിനായിരം രൂപയും പിഴ ചുമത്തി. പന്നി ഫാമിലേക്ക് ഭക്ഷണ മാലിന്യം നൽകുന്ന ഹോട്ടലുകളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോ ധനയിൽ ഹരിതകമ്മ സേനയ്ക്ക് പ്ലാസ്റ്റിക് കൈമാറാത്തതിന് സഫയർ ഹോട്ടലിന് പതിനായിരം രൂപ പിഴ ചുമത്തിയിരുന്നു.