കണ്ണൂരിൽ നിന്നും ശബരിമല ഡ്യൂട്ടിക്ക് ട്രെയിനിൽ പുറപ്പെട്ട പോലീസുകാരനെ കാണാതായി
കണ്ണൂർ : കണ്ണൂരിൽ നിന്നും ശബരിമല ഡ്യൂട്ടിക്ക് ട്രെയിനിൽ പുറപ്പെട്ട പോലീസുകാരനെ കാണാതായി. മാങ്ങാട്ട്പറമ്പ് സായുധ പൊലീസ് ക്യാമ്പിലെ എ എസ് ഐ എസ്. ഹസീമി (40)നെയാണ് കാണാതായത്. ക്യാമ്പിലെ മറ്റു അഞ്ചു പൊലീസുകാര്‍ക്കൊപ്പം ശബരിമല ഡ്യൂട്ടിക്കുപോവുകയായിരുന്നു ഹസീം. ട്രെയിന്‍ ഇന്നു പുലര്‍ച്ചെ ചെങ്ങന്നൂരില്‍ എത്തിയപ്പോഴാണ് ഹസീമിനെ കാണാനില്ലാത്ത വിവരം കൂടെ ഉണ്ടായിരുന്ന പൊലീസുകാര്‍ അറിഞ്ഞത്. യൂണിഫോമും ഷൂസുകളും അടങ്ങിയ ബാഗ് സീറ്റിനു സമീപത്തു വച്ച നിലയിലാണ്. മറ്റു വസ്ത്രങ്ങള്‍ അടങ്ങിയ മറ്റൊരു ബാഗും ഹസീമിന്റെ കൈവശം ഉണ്ടായിരുന്നു. ഈ ബാഗ് കാണാനില്ലെന്നു പൊലീസുകാര്‍ മേലധികാരികളെ അറിയിച്ചിട്ടുണ്ട്. കെ എ പി ക്യാമ്പിലെ കമാന്റിന്റെ പരാതിയില്‍ ഹസീമിനെ കാണാതായതിനു തളിപ്പറമ്പു പൊലീസ് കേസെടുത്തു.