കുവാഖ് കൾച്ചറൽ കമ്മിറ്റിയുടെ 2024 – 2025 വർഷത്തെ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം വയലാർ ശരത്ചന്ദ്രവർമ്മ നിർവ്വഹിച്ചു
ദോഹ : കുവാഖ് കൾച്ചറൽ കമ്മിറ്റിയുടെ 2024 – 2025 വർഷത്തെ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ നിർവ്വഹിച്ചു. ഇന്ത്യൻ കോഫി ഹൗസ് ഹാളിൽ നടന്ന ചടങ്ങിൽ കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു. ഗാനങ്ങളുടെ പിറവിയെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും തുടർന്ന് നടന്ന സംവാദത്തിൽ സദസ്സിൻ്റെ ചോദ്യങ്ങൾക്ക് വയലാർ ശരത്ചന്ദ്ര വർമ്മ മറുപടി നല്കി.
വരും നാളുകളിൽ കുവാഖിൻ്റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന കലാപരിപാടികളുടെ മാർഗ്ഗരേഖ കൾച്ചറൽ സെക്രട്ടറി തേജസ് നാരായണൻ അവതരിപ്പിച്ചു. പ്രശസ്ത ഗായകരായ ശിവപ്രിയ, റിലോവ് എന്നിവർ ഗാനങ്ങളാലപിച്ചു. കുവാക് കൊച്ചു കലാകാരി കുമാരി ഇഷാനി വയലാർ ശരത് ചന്ദ്ര വർമ്മയുടെ ഗാനങ്ങൾ കീബോർഡിൽ ആലപിച്ച് സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി.ചടങ്ങിന് ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് സ്വാഗതവും സെക്രട്ടറി സൂരജ് രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.