പുതിയതെരുവിൽ നിരന്തരമായി ട്രാഫിക് പ്രശ്നങ്ങളും അപകടങ്ങളും; എം.എൽ.എയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു
പുതിയതെരു : പുതിയതെരുവിൽ നിരന്തരമായി ഉണ്ടാകുന്ന ട്രാഫിക് പ്രശ്നങ്ങളും അപകടങ്ങളെയും സംബന്ധിച്ച് കെ വി സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ എ.ഡി.എമ്മിന്റെ സാന്നിധ്യത്തിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. നേരത്തെ തന്നെ പുതിയതെരുവിലെ ട്രാഫിക് പ്രശ്നങ്ങൾ കളക്ടറുടെ ശ്രദ്ധയിൽ പ്പെടുത്തിയിരുന്നു. അതിൻറെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.
യോഗത്തിൽ നിരന്തരമായി റോഡിൽ സംഭവിക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ പുതിയതെരുവിലെ റോഡ് മുഴുവനായി ഓവർലേ റീ ടാറിങ് ചെയ്യുവാൻ എൻ.എച്ച്.എ.ഐയെയും വിശ്വസമുദ്ര ഏജൻസിയെയും ചുമതലപ്പെടുത്തി. നാട്ടുകാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും ഉണ്ടാകുന്ന ബ്ലോക്ക് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര കാര്യങ്ങളും ആലോചിച്ചു. യോഗത്തിൽ എ.ഡി.എം, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, പഞ്ചായത്ത് സെക്രട്ടറി, ആർ.ടി.ഒ, പോലീസ് സി.ഐ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ, വിശ്വസമുദ്ര ഏജൻസി യുടെ പ്രതിനിധികൾ ബസ് ഓണേഴ്സ് സംഘടനാ പ്രതിനിധികളും പങ്കെടുത്തു.