പിതൃസ്മരണയിൽ പ്രാര്‍ത്ഥനയോടെ വിശ്വാസികൾ കര്‍ക്കിടക വാവ് നാൾ ബലി തർപ്പണം നടത്തി
കണ്ണൂർ : പിതൃസ്മരണയിൽ പ്രാര്‍ത്ഥനയോടെ വിശ്വാസികൾ കര്‍ക്കിടക വാവ് നാൾ ബലി തർപ്പണം നടത്തി. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലും ബലിതർപ്പണ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. പയ്യാമ്പലം കടൽ തീരത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.പുലർച്ചെ നാല് മണിയോടെ തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ബലിതർപ്പണ ചടങ്ങിനെത്തിയവരുടെ എണ്ണത്തിൽ കുറവനുഭവപ്പെട്ടു. കണ്ണൂർ ശ്രേഷ്ഠാചാര്യ സഭയുടെനേതൃത്വത്തിൽ നടന്ന ചടങ്ങിന് രാമകൃഷ്ണൻ പുതിയതെരു കാർമികത്വം വഹിച്ചു. സേവാഭാരതിയുടെ നേതൃത്വത്തിൽ ബലിതർപ്പണ ചടങ്ങും ലഘു ഭക്ഷണ സൗകര്യവും ഒരുക്കി. ഗോപാലകൃഷ്ണ ശാന്തി കാർമികത്വം നടത്തി. ഐആർപിസിയും ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റിയും ബലിതർപ്പണത്തിനെത്തിയവർക്ക് ലഘുഭക്ഷണവും വൈദ്യസഹായവും നൽകി.കോൺഗ്രസ് സേവാദൾ കമ്മിറ്റിയും സേവാദൾ യംഗ് ബ്രിഗേഡിന്റെയും നേതൃത്വത്തിൽ ചടങ്ങിനെത്തിയവർക്കുള്ള ലഘുഭക്ഷണ വിതരണം മുൻ മേയർ അഡ്വ.ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.
പോലീസ്, അഗ്നിശമന രക്ഷാ സേന, ലൈഫ് ഗാർഡ്, കോസ്റ്റൽ വാർഡൻമാർ എന്നിവയുടെ നേതൃത്വത്തിൽ വൻ സുരക്ഷാ സൗകര്യമാണ് ഒരുക്കിയത്. കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു . പുലർച്ചെ നാലര മണി മുതൽ ബലിതർപ്പണം ആരംഭിച്ചിരുന്നു.അതിനു മുൻപായി തന്നെ ക്ഷേത്രാങ്കണത്തിൽ വൻ ജനാവലി എത്തിച്ചേർന്നിരുന്നു. ശാന്തിക്കാരായ സുരേഷ്, പ്രവീൺ, മധു എന്നിവർ ബലിതർപ്പണത്തിന് കാർമികത്വം വഹിച്ചു പിതൃതർപ്പണം, തിലഹവനം, പ്രതിമ സങ്കല്പം, ക്ഷേത്ര പിണ്ഡം മുതലായ പിതൃ കർമ്മങ്ങൾ നടന്നു.