വടകര നഗരസഭ ഓഫിസിലെ ക്രമക്കേട്; നാല് ഉദ്യോഗസ്ഥർക്ക് കൂടി സസ്പെൻഷൻv
വടകര : വടകര നഗരസഭയിൽ കെട്ടിടങ്ങൾക്ക് അനധികൃത പെർമിറ്റും കൈവശ സർട്ടിഫിക്കറ്റും നൽകിയെന്ന പരാതിയിൽ നാല് ഉദ്യോഗസ്ഥർക്ക്കൂടി സസ്പെൻഷൻ. ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ, മന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഇതിന്റെ ഫയലുകൾ തിരിച്ചുവിളിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ, ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സസ്പെൻഷൻ മരവിപ്പിക്കുന്നതിന്റെ ഭാഗമായി ഫയലുകൾ തിരിച്ചുവിളിപ്പിച്ചതെന്നാണ് സൂചന. നഗരസഭ എൻജിനീയറിങ് വിഭാഗത്തിലെ അസി. എൻജിനീയർമാരാ യിരുന്ന വി.പി. റിജുല, പി.എം. പ്രിയ, ടി.പി. അനഘ്, ഗ്രേഡ് ഓവർസിയർ എം.എം. പ്രതീഷ് എന്നിവരെയാണ് തദ്ദേശ വകുപ്പ് കോഴിക്കോട് ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സസ്പെൻഡ് ചെയ്തത്.