മയ്യിൽ ഗ്രാമപഞ്ചായത്ത് കൊട്ടപ്പൊയിൽ വർഷത്തിൽ 9 മാസവും വിളവെടുത്തിരുന്ന വയൽ ഇന്ന് തരിശു ഭൂമിയാണ്
മയ്യിൽ : വർഷത്തിൽ 9 മാസവും വിളവെടുത്തിരുന്ന വയൽ ഇന്ന് തരിശു ഭൂമിയാണ്. മയ്യിൽ ഗ്രാമപഞ്ചായത്തിലെ കൊട്ടപ്പൊയിൽ വയലാണ് കൃഷിയില്ലാതെ മുൾകാടുകയറി നശിക്കുന്നത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സജീവമായ നാട്ടിലാണ് രണ്ടു വർഷമായി ഒരു വയൽ നിശ്ചലമായിരി ക്കുന്നത്. മയ്യിൽ പതിമൂന്നാം വാർഡിലെ നെല്ലറയായിരുന്നു കൊട്ടപ്പൊയിൽ വയൽ.എല്ലാ കർഷകരും മത്സരിച്ചാണ് കൃഷി ക്കിറങ്ങിയത്. 6 മാസം നെൽകൃഷിയും 3 മാസം പച്ചക്കറികളും കൃഷിചെയ്തു. ഇഷ്ടം പോലെ വെള്ളം സുലഭമാണ് എന്നതാണ് കൊട്ടപ്പൊയിൽ വയലിൻ്റെ പ്രത്യേകത. അതിനാൽ സ്വന്തം കൃഷിയിടത്തിൽ കുഴികുത്തിയാൽ വെളളം കിട്ടും. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ വയലുകൾ ശ്രദ്ധിക്കാതെ വന്നതോടെ കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാൻ സമയം ചെലവഴിക്കാതെ വന്നതോടെ സ്ഥിതി മാറി.കർഷകർ പലരും കൃഷിയിൽ നിന്നും മാറിനിന്നു. പതിനായിരം ചെലവിട്ട് നിർമ്മിച്ച പമ്പ് ഹൗസ് വരെ കാടുകയറിയ നിലയിലാണ്. നെൽകൃഷിക്ക് പുറമെ വെള്ളരി,പച്ചമുളക് ചീര,മത്തൻ, ഇളവൻ തുടങ്ങി പച്ചക്കറികൾ എല്ലാം കൃഷി ചെയ്ത കാലത്ത് സുലഭമായിരുന്നു. ഇന്ന് വയലിൻ്റെ സ്ഥിതി കണ്ണീർ പാടമായി മാറി. വയലിൽ ഇപ്പോൾ എരുമയും പശുവും മാത്രമാണ്. അതിനെ പരിപാലിക്കുന്ന പരമ്പരാഗത കർഷകരും. തരിശുഭൂമിയായ വയലിലെ മുൾകാടുകൾ വൃത്തിയാക്കാൻ നല്ലൊരു തുക കർഷകർ തന്നെ ചെലവാക്കണം. അതിന് ആരും മുന്നോട്ടുവരുന്നില്ല. വിഷുവിപണിക്കായി വെള്ളരി കൃഷി ചെയ്യാൻ വെള്ളമുണ്ട്, സ്ഥലമുണ്ട്ആൾ കാരുണ്ട് പ്രതീക്ഷിക്കുന്ന ഇടപെടലുകൾ നടത്താൻ ഗ്രാമപഞ്ചായത്തൊ, കൃഷിവകുപ്പൊ മുന്നോട്ടു വരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കൂട്ടായ്മയിലൂടെ ഇടപെടലിനായി പാടത്ത് ഇറങ്ങാൻ ഉദ്യോഗസ്ഥരും ശ്രമിക്കണം എന്നാണ് കർഷകർ പരാതിപ്പെടുന്നത്.