ചക്കരക്കല്ലിലെ കണ്ണൂർ ജില്ല ബിൽഡിംഗ് മെറ്റീരിയൽ കോപ്പറേറ്റീവ് സൊസൈറ്റിയിൽ കോടികളുടെ തിരിമറി ആരോപണം
കണ്ണൂർ : ചക്കരക്കല്ലിലെ കണ്ണൂർ ജില്ല ബിൽഡിംഗ് മെറ്റീരിയൽ കോപ്പറേറ്റീവ് സൊസൈറ്റിയിൽ കോടികളുടെ തിരിമറി ആരോപണം. നിക്ഷേപത്തുക തിരിച്ചു നൽകാനാകാതെ സൊസൈറ്റി അധികൃതർ. നിക്ഷേപകർ കൂട്ടമായി തുക പിൻവലിക്കാനെത്തിയപ്പോൾ ഒരു രൂപ പോലും തിരിച്ചുനൽകാനാതെ കൈ മലർത്തുകയാണ് സൊസൈറ്റി അധികൃതർ. ഓഡിറ്റിങ്ങിൻെറ ഭാഗമായി പരിശ്കെത്തിയപ്പോൾ വേണ്ട വിധം ആവശ്യമായ ഫയലുകൾ പരിശോധനക്ക് നൽകിയില്ല.മാത്രമല്ല കമ്പ്യൂട്ടറൈസേഷൻ ഇല്ലാത്തതിനാൽ ഇവിടെ സ്പെഷ്യൽ ഓഡിറ്റിങ്ങ് നിർദേശിച്ചു.ഈ പരിശോധന തുടങ്ങിയതോടെയാണ് വലിയ സാമ്പത്തിക ക്രമക്കേട് വെളിച്ചത്തായത്. സ്ഥിര നിക്ഷേപക്കാർ, ഗ്രൂപ്പ് ഡപ്പോസിറ്റ് സ്കീമിൽ ചേർന്നവർ തുടങ്ങി വിവിധ ഇടപാടുകൾ നടത്തുന്നവരാണ് സൊസൈറ്റിയിൽ പണം പിൻവലിക്കാൻ എത്തിയത്. ചിലരുടെ ചിട്ടി ഇനത്തിൽ അടച്ച തുക വരെ അക്കൗണ്ടിൽ വരവ് വെച്ചിട്ടില്ലെന്നും കണ്ടെത്തി.
ഗ്രൂപ്പ് ഓഡിറ്റിങ്ങിൻ്റെ ഭാഗമായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കണക്കുകൾ വിശദമായി പരിശോധിച്ചു വരികയാണ്. സ്ഥിര നിക്ഷേപം നൽകിയ ഏതാനും പേർ വളരെ അത്യാവശ്യകാര്യത്തിന് തുക പിൻവലിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ സൊസൈറ്റിയിൽ എത്തിയിരുന്നു.എന്നാൽ ഇവരോട് തുക നൽകുന്നതിന് പിന്നീട് വരാൻ പറയുകയായിരുന്നു. ഇതിൽ സംശയം തോന്നിയ ചിലർ മറ്റു നിക്ഷേപകരുമായി ബന്ധപ്പെടുകയും പിന്നീടുള്ള ദിവസങ്ങളിൽ കൂടുതൽ പേർ തുക പിൻവലിക്കാൻ എത്തുകയായിരുന്നു. ഇവരോട് ഡിസംബർ 31-ന് തുക നൽകമെന്ന് കാണിച്ച് കത്ത് നൽകുകയായിരുന്നു. സെക്രട്ടറിയുടെ ഒപ്പും സീലും ചേർത്ത് എഴുതി തയ്യാറാക്കിയ കത്തുകളാണ് ഓരോരുത്തർക്കും നൽകിയത്. ദിവസത്തുക നിക്ഷേപിക്കുന്ന ധാരാളം പേരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡെയിലി ഡിപ്പോസിറ്റിൻ്റെ കാലാവധി കഴിഞ്ഞ് ആത്യാവശ്യം വന്നപ്പോൾ പൈസ എടുക്കാൻ പോയപ്പോൾ കാശ് കിട്ടിയില്ലെന്നും നിരവധി പേർക്ക് ഇതുപോലെ കാശ് കിട്ടാനുണ്ടെന്നും നിക്ഷേപകൻ പറഞ്ഞു.
ദിവസ നിക്ഷേപം സ്വീകരിച്ച ബിൽ കലക്ടർമാരും ഇതോടെ വെട്ടിലായി. കടകളിൽ നിന്നും ദിവസ നിക്ഷേപം നൽകിയവരും തുക ലഭിക്കാൻ സൊസൈറ്റിയിൽ എത്തിയെങ്കിലും പണം ലഭിച്ചില്ല. അതേ സമയം വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ഈ പണമിടപാട് സ്ഥാപനത്തിൽ ഇതുവരെയായും കമ്പ്യൂട്ടർ വൽക്കരണം നടത്തിയിട്ടില്ല. അതിനാൽ സാമ്പത്തിക തിരിമറിയും ക്രമക്കേടും വിശദമായ പരിശോധനയിൽ മാത്രമേ കണ്ടെത്താനാകൂ. ഏതാനും വർഷം മുമ്പ് കമ്പ്യൂട്ടറുകൾ വാങ്ങിയെങ്കിലും സ്ഥാപിച്ചിരുന്നില്ല. കണക്കുകൾ ചിലതിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് ഡാറ്റകൾ കമ്പ്യൂട്ടറൈസ് ചെയ്യുന്നത് നീളുകയായിരുന്നു. ക്രമക്കേട് സംബന്ധിച്ച് ഭരണസമിതിക്കും ഒന്നും പറയാനാകുന്നില്ല. ലോൺ നൽകിയ വകയിൽ വലിയ തുക കിട്ടാതെ വന്നതും വിളിച്ചെടുത്തു ചിട്ടി അടക്കാതെ വന്നതുമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് സെക്രട്ടറി ഇ.കെ.ഷാജി പറഞ്ഞു.