ന്യൂമാഹിയിൽ മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം; പിന്നോക്ക വിഭാഗങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് ഊർജം
ന്യൂമാഹി : പിന്നോക്ക വിഭാഗങ്ങളുടെ സാമ്പത്തിക ഉന്നമനവും സ്ത്രീകളുടെ സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് ന്യൂമാഹി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച മൈക്രോ ക്രെഡിറ്റ് വായ്പ വിതരണ ഉദ്ഘാടനം കലാഗ്രാമത്തിൽ വച്ചു നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പദ്ധതിയിലൂടെ സ്വയംതൊഴിൽ സംരംഭങ്ങൾക്കും ചെറുകിട ഉപജീവന പ്രവർത്തനങ്ങൾക്കും പുതിയ അവസരങ്ങൾ തുറക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലകളിൽ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തു ന്നതിൽ കുടുംബശ്രീ സംവിധാനത്തിനും വികസന കോർപ്പറേഷനുകൾക്കും നിർണായക പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. വികസന പ്രവർത്തനങ്ങൾ ജനകീയമാകുമ്പോൾ മാത്രമേ സാമൂഹിക മാറ്റം സാധ്യമാകൂവെന്നും, പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും സാമ്പത്തികമായി ശക്തിപ്പെടുത്തുന്ന ഇത്തരം പദ്ധതികൾ ഗ്രാമപഞ്ചായത്തി ന്റെ സമഗ്ര വികസന ദൗത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മാനേജർ അനിറ്റ് ജോസ് പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രയോജനങ്ങളും വിശദീകരിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ. സെയ്ത്തു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. പ്രീജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷർമിള അഫ്സർ, ജില്ലാ മിഷൻ കണ്ണൂർ ഡി.പി.എം (FI & MIS) കെ. എൻ. നൈൽ, ന്യൂമാഹി സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രജിത സി. വി എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ന്യൂമാഹി സി.ഡി.എസ് മെമ്പർ സെക്രട്ടറി പി. കെ. സുധീഷ് സ്വാഗതവും ന്യൂമാഹി സി.ഡി.എസ് ചെയർപേഴ്സൺ കെ. പി. ലീല നന്ദിയും പറഞ്ഞു.