അസോസിയേഷൻ ഓഫ് എഞ്ചിനിയേർസ് കേരളയുടെ അമ്പത്തിയഞ്ചാമത് സംസ്ഥാന മേള -നൗറ 28 മുതല്‍ 30 വരെ
കണ്ണൂർ : കണ്ണൂർ കേരളത്തിലെ പൊതുമരാമത്ത്, ജലസേചനം, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ എല്ലാ എഞ്ചിനിയർമാരെയും ഉൾക്കൊള്ളുന്ന സംഘടനയായ അസോസിയേഷൻ ഓഫ് എഞ്ചിനിയേർസ് കേരളയുടെ അമ്പത്തിയഞ്ചാമത് സംസ്ഥാന മേള -നൗറ 28 മുതല്‍ 30 വരെ സംഘടിപ്പിക്കുമെന്ന് സംഘടകർ വർത്ത സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ വനിതാ കോളേജാണ് മുഖ്യ വേദി. 7 വേദികളിലായി 41 ഇനങ്ങളിൽ കലാ മത്സരങ്ങളും, വോളിബോൾ, ബാസ്കറ്റ് ബോൾ താരങ്ങളുടെ മാർച്ച് പാസ്റ്റും അത് ലറ്റിക് മീറ്റും സമീപത്തുള്ള സെൻട്രൽ ജയിൽ സ്റ്റേഡിയത്തിലും നടക്കും. പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിൽ മുന്നോട്ടുള്ള വഴികൾ എന്ന വിഷയത്തിൽ ആർക്കിടെക്ട് പ്രവീൺ ചന്ദ്രയുടെ നേതൃതത്തിൽ സാങ്കേതിക സെമിനാർ 28 ന് രാവിലെ 10 മണി മുതൽ ആരംഭിക്കും. എഞ്ചിനിയർമാരും കുടുംബാംഗങ്ങ ളുമായി 3500 ലധികം പേർ മേളയിൽ പങ്കെടുക്കും. 28 ന് വൈകുന്നേരം 7 മണിക്ക് പൊതുമരാമത്ത് – ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും. കെ വി സുമേഷ് എം എൽ എ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ കലാമേള ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ ജില്ലകളിലെ എഞ്ചിനീയർമാർ അവതരിപ്പിക്കുന്ന മെഗാ ഓർക്കസ്ട്ര നടക്കും.
29ന് രാവിലെ 9 മണിക്ക് നടക്കുന്ന കായിക താരങ്ങളുടെ മാർച്ച് പാസ്സിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും ഫുട്ബോൾ താരവുമായ ഐ.എം വിജയൻ മുഖ്യാതിഥിയായി പങ്കെടുത്ത് സല്യൂട്ട് സ്വീകരിക്കും. വൈകുന്നേരം 5 മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ നൗറ ഫാമിലി നൈറ്റ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷൻ പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായിരിക്കും. പിന്നണി ഗായിക അഞ്ജു ജോസഫ് ആന്റ് ടീം നയിക്കുന്ന മെഗാ മ്യൂസിക് നൈറ്റോടെ രണ്ടാം ദിവസത്തെ പരിപാടികൾ അവസാനിക്കും. 30ന് രാവിലെ 11 മണിക്ക് നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗവും നടക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിയും വിവിധ ഉപസമിതികളും പ്രവർത്തിച്ചു വരുന്നു.13 വർഷങ്ങൾക്കു ശേഷമാണ് കണ്ണൂരില്‍ മേള നടക്കുന്നതെന്നും ഭാരവാഹികളായ കെ പി സത്യേന്ദ്രന്‍, ഐ വി സുശീല്‍, കെ ഗോപകുമാര്‍, പി സജിത്ത്, പി കെ ജോയ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.